യുവതി പ്രവേശം വേണ്ട; പഴയ നിലപാടുമായി ദേവസ്വം ബോര്‍ഡ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th January 2020 04:32 PM  |  

Last Updated: 08th January 2020 04:37 PM  |   A+A-   |  

SABARI

 

കൊച്ചി: ശബരിമലയില്‍ യുവതീപ്രവേശം വേണ്ടെന്ന പഴയ നിലപാടിലേക്ക് ദേവസ്വം ബോര്‍ഡ് തിരിച്ചുപോവുമെന്ന് സൂചന. ഇത് സംബന്ധിച്ച തീരുമാനം ദേവസ്വം ബോര്‍ഡിന്റെ അടുത്ത യോഗത്തിലുണ്ടാകും. 

ശബരിമലയില്‍ നിലവിലെ രീതി തുടരുകയെന്ന നിലപാടിലേക്ക് ദേവസ്വം ബോര്‍ഡ് ചുവടുമാറ്റുന്നതായാണ് സൂചന. ക്ഷേത്ര ആചാരങ്ങള്‍സംരക്ഷിച്ച് തുടരേണ്ട നിലപാടായിരിക്കും ബോര്‍ഡിന്റെ അടുത്ത യോഗത്തിലെ പ്രധാന ചര്‍ച്ച. യുവതീ പ്രവേശന കേസില്‍ നേരത്തെ ഈ നിലപാടാണ് ബോര്‍ഡ് സ്വീകരിച്ചിരുന്നത്. പിന്നീട് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിലപാടു മാറ്റുകായയിരുന്നു.

ശബരിമല പുനഃപരിശോധന ഹര്‍ജികളിലെ നിയമപ്രശ്‌നം തീര്‍പ്പാക്കാന്‍ സുപ്രീംകോടതി ഒന്‍പത് അംഗ വിശാല ബെഞ്ച് രൂപീകരിച്ചതോടെയാണ് ദേവസ്വം ബോര്‍ഡും ആലോചനകളിലേക്ക് നീങ്ങുന്നത്. യുവതീപ്രവേശം വേണ്ട എന്നാണ് സുപ്രീകോടതിയില്‍ ദേവസ്വം നല്‍കിയിരിക്കുന്ന സത്യവാങ്മൂലമെങ്കിലും പിന്നീട്‌
നിലപാട് മാറ്റിയിരുന്നു. 

ലോക്‌സഭ തെരഞ്ഞെടുപ്പ് തോല്‍വിയോടെ നിലപാട് തിരുത്തിയ സിപിഎമ്മും സര്‍ക്കാരും കരുതലോടെയാണ് പിന്നീട് നീങ്ങിയത്. വിശാലബെഞ്ചിന് കേസ് വിട്ടതോടെ അത് തത്വത്തില്‍ സ്‌റ്റേ ആണെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചു.

വിശ്വാസികള്‍ക്ക് വിരുദ്ധമായ നിലപാട് എടുക്കേണ്ടെന്നാണ് സിപിഎമ്മിലെ ധാരണ. അതിനാല്‍ ദേവസ്വം ബോര്‍ഡും നിലപാട് തിരുത്തുമെന്നാണ് ലഭിക്കുന്ന സൂചന. നിയമവിദഗ്ധരുമായി ആലോചിച്ച് നിലപാട് എടുക്കുന്നതിന് മുന്‍പ് ദേവസ്വം ബോര്‍ഡിന്റെ യോഗം ചേരുമെന്നും സര്‍ക്കാരുമായി ആലോചിക്കുമെന്നും  ദേവസ്വം ബോര്‍ഡ് പ്രസിഡന്‍് എന്‍ വാസു പറഞ്ഞു.