'സെന്‍കുമാറിനെ ഡിജിപിയാക്കിയത് ഞാന്‍ ചെയ്ത പാതകം; അതിന്റെ ദുരന്തമാണ് അനുഭവിച്ചു കൊണ്ടിരിക്കുന്നത്': ചെന്നിത്തല

ടി പി സെന്‍കുമാറിനെ ഡിജിപിയാക്കിയതാണ് താന്‍ ചെയ്ത ഏറ്റവും വലിയ അപരാധമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
'സെന്‍കുമാറിനെ ഡിജിപിയാക്കിയത് ഞാന്‍ ചെയ്ത പാതകം; അതിന്റെ ദുരന്തമാണ് അനുഭവിച്ചു കൊണ്ടിരിക്കുന്നത്': ചെന്നിത്തല

തിരുവനന്തപുരം:  ടി പി സെന്‍കുമാറിനെ ഡിജിപിയാക്കിയതാണ് താന്‍ ചെയ്ത ഏറ്റവും വലിയ അപരാധമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതിന്റെ ഫലം ഇപ്പോള്‍ അനുഭവിച്ചു കൊണ്ടിരിക്കുകയാണെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

'സെന്‍കുമാറിനെ ഡിജിപിയാക്കിയതാണ് ഞാന്‍ ചെയ്ത ഏറ്റവും വലിയ അപരാധം.അതിന്റെ ഫലം ഇപ്പോള്‍ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. കാരണം സിംഗ്ല എന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ് ആകേണ്ടിയിരുന്നത്. മഹേഷ്‌കുമാര്‍ സിംഗ്ല. ഒരു മലയാളി ആകട്ടെ എന്ന് കരുതിയാണ് സെന്‍കുമാറിനെ ഡിജിപിയാക്കിയത്.അതിന്റെ ദുരന്തം ഞങ്ങളൊക്കെ അനുഭവിച്ച് കൊണ്ടിരിക്കുകയാണ്' - രമേശ് ചെന്നിത്തല പറഞ്ഞു.

നാളെ കൊച്ചിയില്‍ ആരംഭിക്കുന്ന ഗ്ലോബല്‍ ഇന്‍വെസ്റ്റ്‌മെന്റ് മീറ്റ് ധൂര്‍ത്താണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രം അവശേഷിക്കേയാണ് മീറ്റ് സംഘടിപ്പിക്കുന്നത്. ഇത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുളള വിദ്യയാണ്. ജനങ്ങളെ കബളിപ്പിക്കാനാണ് മീറ്റ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

വികസനത്തില്‍ പരാജയപ്പെട്ട സര്‍ക്കാരാണിത്. ബജറ്റില്‍ പ്രഖ്യാപിച്ച ഒന്നും തന്നെ യാഥാര്‍ത്ഥ്യമായിട്ടില്ല. വിഴിഞ്ഞ പദ്ധതി ഒച്ചിന്റെ വേഗതയിലാണ് നീങ്ങുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിവിധ വികസന പദ്ധതികളെ എതിര്‍ത്ത എല്‍ഡിഎഫ് ഇപ്പോള്‍ മൂലധന ശക്തികള്‍ക്ക് മുന്‍പില്‍ അടിയറവ് പറയുകയാണ്. ഏത് മൂലധനശക്തിയ്ക്ക് മുന്‍പില്‍ പണയംവെക്കാനാണ് ഇന്‍വെസ്റ്റ്‌മെന്റ് മീറ്റ് നടത്തുന്നതെന്നും ചെന്നിത്തല ചോദിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com