അമ്മയേയും കുഞ്ഞുങ്ങളേയും പെരുവഴിയില്‍ ഇറക്കിവിട്ടു; ബസ് ഡ്രൈവര്‍ക്ക് നല്ല നടപ്പ് ശിക്ഷ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th January 2020 07:23 AM  |  

Last Updated: 09th January 2020 07:23 AM  |   A+A-   |  

pattambi

 

പട്ടാമ്പി: സ്റ്റോപ്പില്‍ ഇറക്കാതെ അമ്മയേയും കുഞ്ഞുങ്ങളേയും പെരുവഴിയില്‍ ഇറക്കിവിട്ട സ്വകാര്യ ബസ് ഡ്രൈവര്‍ക്ക് ശിക്ഷ. മൂന്ന് ദിവസം താലൂക്ക് ആശുപത്രിയില്‍ നിര്‍ബന്ധിത സാമൂഹ്യ സേവനത്തിനാണ് വിധിച്ചത്. ജോയിന്റ് ആര്‍ടിഒ മുജീബ് ആണ് ഡ്രൈവറെ മൂന്ന് ദിവസത്തെ നല്ല നടപ്പിന് ശിക്ഷിച്ചത്. 

ശങ്കരമംഗലം സ്വദേശിയായ മഹേഷിന്റെ ഭാര്യ, പത്തും മൂന്നും വയസുള്ള രണ്ട് കുട്ടികളുമായാണ് ബസില്‍ കയറിയത്. പട്ടാമ്പി ശില്‍പചിത്ര സ്റ്റോപ്പില്‍ നിന്നാണ് ഇവര്‍ പട്ടാമ്പി-വളാഞ്ചേരി റൂട്ടിലോടുന്ന ബസില്‍ കയറിയത്. എംഇഎസ് സ്‌റ്റോപ്പിലാണ് ഇവര്‍ക്ക് ഇറങ്ങേണ്ടിയിരുന്നത്. സ്റ്റോപ്പ് എത്തിയപ്പോള്‍ ഡ്രൈവറോട് ബസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കുറേ ദൂരം മുന്‍പോട്ടു പോയി, വാഹനങ്ങളൊന്നും ലഭിക്കാത്ത സ്ഥലത്താണ് ഡ്രൈവര്‍ ഇറക്കിവിട്ടത്. 

പരാതി ലഭിച്ചതോടെ പട്ടാമ്പി മോട്ടോര്‍ വെഹിക്കിള്‍ വിഭാഗം നടത്തിയ അന്വേഷണത്തില്‍ വാഹനമോടിച്ച ഡ്രൈവര്‍ പൈങ്കണ്ണൂര്‍ സ്വദേശി മൊയ്തീന്‍കുട്ടി കുറ്റക്കാരനാണെന്ന് റിപ്പോര്‍ട്ട് ചെയ്തു. പിന്നാലെ പരാതിക്കാരിയേയും, ഡ്രൈവറേയും പട്ടാമ്പി ജോയിന്റ് ആര്‍ടിഒ വിളിച്ചു വരുത്തി. ഡ്രൈവര്‍ കുറ്റസമ്മതം നടത്തുകയും ചെയ്തു. 

ആദ്യപടിയായാണ് മൂന്ന് ദിവസത്തെ നിര്‍ബന്ധിത സാമൂഹിക സേവനത്തിന് ഡ്രൈവറെ പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് അയക്കുന്നത്. ബാക്കി നടപടികള്‍ പിന്നീട് സ്വീകരിക്കും.