എച്ച്1എന്‍1 : കാരശ്ശേരി പഞ്ചായത്തിലെ എല്ലാ സ്‌കൂളുകള്‍ക്കും ഇന്നും നാളെയും അവധി
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th January 2020 10:29 AM |
Last Updated: 09th January 2020 10:29 AM | A+A A- |
കോഴിക്കോട് : കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ എല്ലാ സ്‌കൂളുകള്‍ക്കും ഇന്നും നാളെയും അവധി. കാരശ്ശേരി ആനയാംകുന്ന് വിഎംഎച്ച്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മുന്‍കരുതല്‍ എന്ന നിലയില്‍ അവധി പ്രഖ്യാപിച്ചത്. തിങ്കളാഴ്ച മാത്രമേ ഇനി സ്‌കൂളുകള്‍ തുറക്കൂവെന്ന് അധികൃതര്‍ അറിയിച്ചു. സ്‌കൂളിലെ ഏഴ് വിദ്യാര്‍ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നാലുദിവസത്തിനിടെ സ്‌കൂളിലെ 10 ഓളം വിദ്യാര്‍ഥികള്‍ക്കും 13 അധ്യാപകര്‍ക്കുമാണ് പനി പടര്‍ന്നുപിടിച്ചത്.
തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ സ്‌കൂളിലെത്തി പരിശോധന നടത്തി സാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്കായി അയക്കുകയായിരുന്നു. മണിപ്പാലില്‍ നടത്തിയ പരിശോധനയില്‍ ഏഴ് സാമ്പിളുകളില്‍ എച്ച്1എന്‍1 സ്ഥിരീകരിച്ചു.
എല്ലാ പനിബാധിതര്‍ക്കും ഒരേ ലക്ഷണങ്ങളായിരുന്നു. ചുമ, തൊണ്ടവേദന, കടുത്ത പനി എന്നിവയാണ് ലക്ഷണങ്ങള്‍. പനിബാധിച്ചവര്‍ക്ക് അസുഖം തീര്‍ത്തുമാറുന്നില്ലെന്നു മാത്രമല്ല, വേഗത്തില്‍ കൂടുതല്‍പേരിലേക്ക് പടരുകയുമാണുണ്ടായത്.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. ആരോഗ്യവകുപ്പിന്റെ പ്രത്യേക മെഡിക്കല്‍ സംഘം ഇന്ന് സ്ഥലം സന്ദര്‍ശിക്കും. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടാല്‍ രോഗികളെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുമെന്ന് മന്ത്രി വ്യക്തമാക്കി. രോഗം പടരാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണം. ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.