കത്തി കൈയിൽ കരുതി, ചിലത് പറയാനുണ്ടെന്ന് പറഞ്ഞ് കാറിൽ കയറ്റി; കൊല നടത്തിയത് കൃത്യമായി ആസൂത്രണം ചെയ്തു
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th January 2020 07:38 AM |
Last Updated: 09th January 2020 07:38 AM | A+A A- |
കൊച്ചി; പ്ലസ് ടു വിദ്യാർത്ഥിനി ഇവയുടെ കൊലപാതകം കൃത്യമായ ആസൂത്രണത്തിനൊടുവിലാണ് നടപ്പാക്കിയതെന്ന് പൊലീസ്. കൊല്ലാന്‍ തീരുമാനിച്ചു തന്നെയാണ് കുട്ടിയെ സുഹൃത്തായ സഫര്‍ ഷാ വാഹനത്തിൽ കയറ്റിയത്. കൊച്ചി കലൂർ സ്വദേശിനിയായ ഇവയെന്നു വിളിക്കുന്ന ഗോപികയുടെ മൃതദേഹം ഇന്നലെയാണ് തമിഴ്നാട് വരട്ട്പാറയിലെ തേയില തോട്ടത്തില്‍ നിന്ന് കണ്ടെത്തിയത്.
കുട്ടിയെ കൊല്ലാനുറപ്പിച്ചു തന്നെയാണ് സഫര്‍ കൂട്ടിക്കൊണ്ടു പോയതെന്ന് പൊലീസ് പറയുന്നു. സൗഹൃദം ഉപേക്ഷിക്കും മുമ്പ് ചില കാര്യങ്ങള്‍ പറയാനുണ്ടെന്നും വൈകിട്ടു തന്നെ തിരികെ കൊണ്ടുവിടാമെന്നും പറഞ്ഞ് അനുനയിപ്പിച്ചാണ് സഫര്‍ കുട്ടിയെ വാഹനത്തില്‍ കയറ്റിയത്. കൊല്ലാനുളള കത്തിയടക്കം വാങ്ങിയാണ് സഫര്‍ കൊച്ചിയില്‍ നിന്ന് പോയതെന്നും പൊലീസ് പറഞ്ഞു.
ദേഹമാസകലം കുത്തേറ്റ നിലയിലായിരുന്നു ഇവയുടെ മൃതദേഹം. കൊച്ചി സെന്‍റ് ആല്‍ബര്‍ട്സ് കോളജ് ക്യാമ്പസിലെ ഈശോ ഭവനില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ സുഹൃത്തായ സഫര്‍ സ്കൂള്‍ സമയം കഴിഞ്ഞാണ് കാറില്‍ കൂട്ടിക്കൊണ്ടു പോയത്. മലക്കപ്പാറയിൽ നിന്ന് പൊള്ളാച്ചി റൂട്ടിലേക്ക് പോയ സഫർ അതിനിടെ കൊലനടത്തുകയും മൃതദേഹം തേയിലത്തോട്ടത്തിൽ ഉപേക്ഷിക്കുകയുമായിരുന്നു. തുടർന്ന് പൊള്ളാച്ചിയിലേക്ക് കടക്കാനായിരുന്നു ശ്രമം.
വാട്ടര്‍ഫാള്‍ ചെക്പോസ്റ്റില്‍ തമിഴ്നാട് പൊലീസ് നടത്തിയ പരിശോധനയില്‍ കാറില്‍ രക്തക്കറ കണ്ടതിനെ തുടര്‍ന്ന് സഫറിനെ കസ്റ്റിഡിയിലെടുക്കുകയായിരുന്നു. സൗഹൃദം തുടരാന്‍ താല്‍പര്യമില്ലെന്ന് കുട്ടി അറിയിച്ചതിനാല്‍ കൊല്ലുകയായിരുന്നെന്നാണ് സഫറിന്‍റെ മൊഴി. മകളെ സഫര്‍ ഏറെ നാളായി ശല്യപ്പെടുത്താറുണ്ടായിരുന്നെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. മകളെ ശല്യം ചെയ്യരുതെന്ന് സഫറിനെ താക്കീത് ചെയ്തിരുന്നെന്നും പിതാവ് പറയുന്നു.