'ജീവനോടെ കിട്ടില്ലെന്നു പറഞ്ഞ കുഞ്ഞാണ്, ഞാൻ 17 വയസുവരെ വളർത്തിയത് ഇതിനാകുമെന്ന് അറിഞ്ഞില്ല'; കണ്ണീരോടെ ഇവയുടെ അച്ഛൻ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th January 2020 10:22 AM  |  

Last Updated: 09th January 2020 10:22 AM  |   A+A-   |  

EVA_FATHER

 

കൊച്ചി; കലൂർ സ്വദേശിനിയായ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം കേരളത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. സുഹൃത്ത് സഫർ അലി പെൺകുട്ടിയെ കാറിൽ കയറ്റിക്കൊണ്ടുപോയി കൊലപ്പെടുത്തി വയനാട്ടിലെ തേയിലത്തോട്ടത്തിൽ മൃതദേഹം ഉപേക്ഷിക്കുകയാണ്. കഴിഞ്ഞ എട്ട് മാസമായി മകൾ ഇവയെ സഫർ ശല്യം ചെയ്യുന്നുണ്ട് എന്നാണ് അച്ഛൻ ആന്റണി പറയുന്നത്.

കൊല്ലുമെന്ന് പലപ്പോഴും മകളോട് പറഞ്ഞിട്ടുണ്ടെന്നും അതിനാൽ സ്കൂളിൽ പോകാൻ പോലും പേടിയായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ​ഗർഭസ്ഥ ശിശുവായിരുന്നപ്പോൾ ജീവനോടെ കിട്ടില്ലെന്ന് ഡോക്ടർമാർ പറഞ്ഞ മകളാണെന്നും അവിടെനിന്നാണ് 17 വയസുവരെ താനവളെ വളർത്തിയത് എന്നുമാണ് ആന്റണിയുടെ വാക്കുകൾ. ‘ഗർഭസ്ഥ ശിശുവായിരിക്കേ എനിക്ക് കിട്ടുകേലന്ന് ഡോക്ടർമാർ പറഞ്ഞ കുട്ടിയാണ്. കയ്യും കാലുമൊന്നും ഉണ്ടാകില്ലെന്നാണ് പറഞ്ഞത്. അവിടെനിന്ന് ഞാനവളെ 17 വയസുവരെ വളർത്തിയെടുത്തത് ഇതിനാകുമെന്ന് അറിയില്ലായിരുന്നു.' എല്ലാ ഇല്ലായ്മയിലും അവളും ചേച്ചിയും ഞങ്ങളും വളരെ സന്തോഷത്തോടെയാണ് കഴിഞ്ഞിരുന്നതെന്നും അദ്ദേഹം.

‘എട്ടു മാസമായി ഈ പയ്യൻ മകളെ ശല്യം ചെയ്യുന്നത് അറിയാമായിരുന്നു. അവൾ പലപ്പോഴും പരാതിയും പറഞ്ഞിട്ടുണ്ട്. ഒരു തവണ പിതാവും സുഹൃത്തും കൂടി സഫറിനെ കണ്ട് ശല്യപ്പെടുത്തരുതെന്ന് പറഞ്ഞിരുന്നു. ഇനി ശല്യപ്പെടുത്തില്ല എന്ന് ഉറപ്പു നൽകിയതാണ്. പിന്നെയും ശല്യപ്പെടുത്തുന്ന വിവരം അറിയില്ലായിരുന്നു. താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സാർ അവനോട് സംസാരിച്ചപ്പോൾ അവളെ താൻ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. അവൻ കൊല്ലുമെന്ന് മകളോടും പലപ്പോഴും പറഞ്ഞു. അതുകൊണ്ടു തന്നെ അവൾക്ക് സ്കൂളിൽ പോകുന്നതു പോലും പേടിയായിരുന്നു.' ആന്റണി പറഞ്ഞു.

'കുറേനാളായി ഞാനാണ് മകളെ സ്കൂളിൽ കൊണ്ടാക്കുന്നത്. സ്കൂളിൽ കയറി എന്ന് ഉറപ്പാക്കിയ ശേഷമേ മടങ്ങാറുള്ളൂ. തിരിച്ച് കൂട്ടുകാർക്കൊപ്പം വരികയാണ് പതിവ്. അവൾ പതിവായി കയറുന്ന സ്റ്റോപ്പിന് അടുത്തുള്ള സ്റ്റോപ്പിൽ നിന്ന് ബസ് കയറും എന്നാണ് കൂട്ടുകാരോട് പറഞ്ഞിരുന്നത്. സ്കൂൾ കഴിഞ്ഞ കൂട്ടുകാരിയുടെ ബർത്ത്ഡേ പാർട്ടിയുണ്ടെന്ന് എന്നോട് പറഞ്ഞിരുന്നു. അതുകൊണ്ടാണ് പതിവു സമയമായിട്ടും എത്താതിരുന്നപ്പോൾ അന്വേഷിക്കാതിരുന്നത്. കൂട്ടുകാരെ വിളിച്ചപ്പോഴാണ് അവൾ ബസ് സ്റ്റോപ്പിലേക്ക് നടന്നുപോയതായി പറഞ്ഞത്.' ആന്റണി കൂട്ടിച്ചേർത്തു.