നൊബേല്‍ ജേതാവിനെ തടഞ്ഞ സംഭവം; നാലുപേര്‍ അറസ്റ്റില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th January 2020 12:16 PM |
Last Updated: 09th January 2020 12:16 PM | A+A A- |

ആലപ്പുഴ: ദേശീയ പണിമുടക്ക് ദിനത്തില്‍ വഞ്ചിവീട് യാത്രയ്ക്കിടെ നൊബേല്‍ സമ്മാനജേതാവ് മൈക്കിള്‍ ലെവിറ്റിനെ തടഞ്ഞ സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. കുട്ടനാട് കൈനകരി സ്വദേശികളായ ഇവര്‍ സിഐടിയു അനുഭാവികളാണെന്നാണ് പ്രാഥമിക സൂചന. പുളിങ്കുന്ന് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ബോട്ടുടമയുടെ പരാതിയില്‍ കഴിഞ്ഞദിവസം പൊലീസ് കേസെടുത്തിരുന്നു.
ഹൗസ് ബോട്ട് വേമ്പനാട്ടു കായലില്‍ ഒന്നരമണിക്കൂര്‍ തടഞ്ഞിടുകയായിരുന്നു. ടൂറിസത്തിനും കേരളത്തിനും ചേരാത്ത നടപടിയെന്ന് ലെവിറ്റ് ഇതിനെ വിമര്‍ശിച്ചിരുന്നു. കുമരകത്തുനിന്ന് കുട്ടനാട്ടിലേക്ക് എത്തിയ മൈക്കിള്‍ ലെവിറ്റും ഭാര്യയും സഞ്ചരിച്ച ഹൗസ്‌ബോട്ട് ആര്‍ ബ്ലോക്കിന് സമീപമാണ് ഇന്നലെ രാത്രി നങ്കൂരമിട്ടത്. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് യാത്ര ആരംഭിക്കാനിരിക്കെ പണിമുടക്ക് അനുകൂലികള്‍ തടയുകയായിരുന്നു. ഒന്നരമണിക്കൂറോളം ഹൗസ് ബോട്ട് പിടിച്ചിട്ടു. പിന്നീടാണ് വിട്ടയച്ചത്. പൊലീസില്‍ പരാതിപ്പെടാനോ സമരാനുകൂലികളോട് തര്‍ക്കിക്കാനോ ലെവിറ്റ് തയ്യാറായില്ല. സംഭവം വിവാദമായതിനു പിന്നാലെ വ്യാഴാഴ്ച ആലപ്പുഴ, കോട്ടയം കളക്ടര്‍മാര്‍ ലെവിറ്റിനെ നേരില്‍ കണ്ട് സര്‍ക്കാരിനു വേണ്ടി ഖേദം അറിയിച്ചിരുന്നു.
പണിമുടക്ക് അനുകൂലികള്‍ക്ക് എതിരെ രൂക്ഷ പ്രതികരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രനും രംഗത്ത് വന്നിരുന്നു. ഹൗസ് ബോട്ട് തടഞ്ഞത് സാമൂഹ്യവിരുദ്ധരാണെന്ന് മന്ത്രി പറഞ്ഞു. ലെവിറ്റ് സര്‍ക്കാര്‍ അതിഥിയാണെന്ന് കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു. ഹൗസ് ബോട്ട് തടഞ്ഞുവെച്ച സംഭവം പൊലീസ് അന്വേഷിക്കും. സുരക്ഷാ വീഴ്ച ഉള്‍പ്പെടെയുളള കാര്യങ്ങളും പരിശോധിക്കുമെന്നും കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു.