വന്ധ്യംകരണം നടത്തിയിട്ടും ഗര്‍ഭിണിയായി; തുച്ഛമായ നഷ്ടപരിഹാരം നല്‍കി ആരോഗ്യവകുപ്പിന്റെ കയ്യൊഴിയല്‍; ഒരു ലക്ഷം നല്‍കാന്‍ ഉത്തരവ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th January 2020 07:51 AM |
Last Updated: 09th January 2020 07:51 AM | A+A A- |

തൊടുപുഴ: വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയതിന് ശേഷം യുവതി ഗര്‍ഭിണിയായ സംഭവത്തില്‍ ആരോഗ്യവകുപ്പ് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍. നേരത്തെ 30000 രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരമായി നല്‍കിയിരുന്നു. ഇതിന് പുറമേ ഒരു ലക്ഷം രൂപ കൂടി നല്‍കാനാണ് ഉത്തരവ്.
തുക രണ്ട് മാസത്തിനകം നല്‍കണമെന്നും മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിര്‍ദേശിച്ചു. 2012ലാണ് മൂന്ന് പെണ്‍മക്കളുടെ അമ്മയായ പള്ളിവാസല്‍ സ്വദേശിനി അടിമാലി താലൂക്ക് ആശുപത്രിയില്‍ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് നടത്തിയത്. 2015ല്‍ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് വീണ്ടും ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്.
നഷ്ടപരിഹാരം ആവശ്യപ്പെട്ട് മെഡിക്കല്‍ ഓഫീസര്‍ക്ക് യുവതിയുടെ ഭര്‍ത്താവ് പരാതി നല്‍കിയെങ്കിലും നടപടിയെടുത്തില്ല. ഇതോടെയാണ് ഇവര്‍ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്. മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടല്‍ വന്നപ്പോള്‍ ഡിഎംഒ 30000 രൂപ നഷ്ടപരിഹാരം അനുവദിച്ചു. എന്നാല്‍ ഈ തുക അപര്യാപ്തമാണെന്ന് പരാതിക്കാര്‍ മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു.
തുക കണക്കാക്കിയതിന്റെ മാനദണ്ഡം ലഭ്യമല്ലെന്നും, തുക അപര്യാപ്തമാണെന്നും വിലയിരുത്തിയാണ് കമ്മിഷന്റെ ഉത്തരവ്. കൂടുതല്‍ നഷ്ടപരിഹാരം ആവശ്യമാണെങ്കില്‍ സിവില്‍ കോടതിയെ സമീപിക്കാനും കമ്മിഷന്‍ നിര്‍ദേശിച്ചു.