എഎസ്‌ഐയെ കൊലപ്പെടുത്തിയ പ്രതികള്‍ക്ക് തീവ്രവാദ ബന്ധം; ബിജെപി നേതാവിനെ വധിച്ച കേസിലെ പ്രതികള്‍; തമിഴ്‌നാട് ഡിജിപി കേരളത്തില്‍

കേരള- തമിഴ്‌നാട് അതിര്‍ത്തിയായ കളിയിക്കാവിളയില്‍ പൊലീസുകാരനെ വെടിവച്ച് കൊലപ്പെടുത്തിയ പ്രതികള്‍ക്ക് തീവ്രവാദബന്ധമെന്ന് തമിഴ്‌നാട് പൊലീസ്
എഎസ്‌ഐയെ കൊലപ്പെടുത്തിയ പ്രതികള്‍ക്ക് തീവ്രവാദ ബന്ധം; ബിജെപി നേതാവിനെ വധിച്ച കേസിലെ പ്രതികള്‍; തമിഴ്‌നാട് ഡിജിപി കേരളത്തില്‍

തിരുവനന്തപുരം: കേരള- തമിഴ്‌നാട് അതിര്‍ത്തിയായ കളിയിക്കാവിളയില്‍ പൊലീസുകാരനെ വെടിവച്ച് കൊലപ്പെടുത്തിയ പ്രതികള്‍ക്ക് തീവ്രവാദബന്ധമെന്ന് തമിഴ്‌നാട് പൊലീസ്. കന്യാകുമാരി സ്വദേശികളായ തൗഫീക്, അബ്ദുള്‍ ഷമീം എന്നിവരാണ് പ്രതികളെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. ഇവരുള്‍പ്പെട്ട സംഘം അക്രമത്തിന് പദ്ധതിയിട്ടിരുന്നതായി തമിഴ്‌നാട് ക്യു ബ്രാഞ്ച് വ്യക്തമാക്കി. കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ തമിഴ്‌നാട് പൊലീസുമായി സഹകരിക്കുമെന്ന്് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ഏതു സാഹചര്യത്തെ നേരിടാനും തയ്യാറാണെന്നും തമിഴ്‌നാട് ഡിജിപിയുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷം ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. 

ഇരുവര്‍ക്കും തീവ്ര സ്വഭാവമുളള ചില സംഘടനകളുമായി ബന്ധമുളളതായി ക്യൂബ്രാഞ്ച് സ്ഥിരീകരിക്കുന്നു. ഏതുതരത്തിലാണ് ഈ ബന്ധം എന്നതിനെ സംബന്ധിച്ച് തമിഴ്‌നാട് പൊലീസ് വ്യക്തമാക്കിയിട്ടില്ല. ഇവരുടെ പശ്ചാത്തലത്തെ കുറിച്ചുളള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.2014ല്‍ ചെന്നൈയില്‍ നടന്ന വര്‍ഗീയ കൊലപാതകത്തിലെ പ്രതിയാണ് അബ്ദുള്‍ ഷമീം. ഇതുവരെ കേസുമായി ബന്ധപ്പെട്ട് ഇയാളെ പിടികൂടാന്‍ സാധിച്ചിട്ടില്ല. കന്യാകുമാരിയില്‍ ബിജെപി നേതാവിനെ കൊന്ന കേസിലെ പ്രതിയാണ് തൗഫീക്ക്. ഇതെല്ലാം കളിയിക്കാവിളയില്‍ പൊലീസുകാരനെ വെടിവെച്ചു കൊന്ന സംഭവത്തിന് പിന്നില്‍ തീവ്രവാദ ബന്ധമുണ്ടെന്ന സംശയത്തിന്റെ ആക്കംകൂട്ടുന്നതാണ് എന്ന് തമിഴ്‌നാട് പൊലീസ് പറയുന്നു. 

രണ്ടാഴ്ച മുന്‍പ് നക്‌സല്‍ ബന്ധമുളളവര്‍ തമിഴ്‌നാട്ടില്‍ എത്തിയതായി തമിഴ്‌നാട് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു.കേരളത്തില്‍ നിന്ന് അടക്കമുളള പ്രദേശങ്ങളില്‍ നിന്നാണ് ഇവര്‍ എത്തിയതെന്ന സംശയത്തില്‍ അന്വേഷണം നടക്കുകയാണ്. പൊലീസുകാരനെ വെടിവെച്ചു കൊന്ന സംഭവത്തില്‍ ഇവര്‍ക്ക് പങ്കുണ്ടോ എന്നതിനെ സംബന്ധിച്ചും അന്വേഷിക്കുന്നുണ്ട്. പൊലീസുകാരന് നേരെ നടന്ന ആക്രമണം കേവലം വ്യക്തിവൈരാഗ്യമല്ല എന്ന കണക്കുകൂട്ടലിലാണ് തമിഴ്‌നാട് പൊലീസ്. കരുതിക്കൂട്ടി പൊലീസുകാരനെ ആക്രമിച്ചതാണ് എന്ന നിഗമനത്തിലാണ് പൊലീസ്. തോക്ക് ഉപയോഗിച്ച് നാലുതവണയാണ് വെടിയുതിര്‍ത്തതെന്നും പൊലീസ് പറയുന്നു. പ്രതികള്‍ കേരളത്തിലേക്ക് കടന്നതായും സംശയിക്കുന്നുണ്ട്.

തിരുവനന്തപുരം റേഞ്ച് ഐജി ഉള്‍പ്പെടെയുളള കേരള പൊലീസ് സംഭവസ്ഥലത്ത് എത്തി സ്ഥിതിഗതികള്‍ പരിശോധിച്ചു. അന്വേഷണവുമായി സഹകരിക്കുമെന്ന് തമിഴ്‌നാട് പൊലീസിനെ കേരള പൊലീസ് അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് സംയുക്ത അന്വേഷണമാണ് നടക്കുന്നത്.
ഇന്നലെ രാത്രിയാണ് തമിഴ്‌നാടിന്റെ ഭാഗമായ കളിയിക്കാവിള സ്‌റ്റേഷനിലെ എഎസ്‌ഐ വിന്‍സെന്റിനെ സിഗിംള്‍ ഡ്യൂട്ടി ചെക്ക്‌പോസ്റ്റിലെ കാവിലിനിടെ രണ്ടംഗ സംഘം കൊലപ്പെടുത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com