പാമ്പു വിഷമില്ലാതെ ആന്റിവെനം ഉണ്ടാക്കാം; കണ്ടുപിടുത്തവുമായി കേരള കമ്പനികള്‍

പാമ്പു വിഷമില്ലാതെ ആന്റിവെനം ഉണ്ടാക്കാം; കണ്ടുപിടുത്തവുമായി കേരള കമ്പനികള്‍

കൊച്ചി; ഇതുവരെ പാമ്പു കടിയേല്‍ക്കുന്നവര്‍ക്കു നല്‍കിയിരുന്ന മരുന്നിലും പാമ്പുവിഷമുണ്ടായിരുന്നു. എന്നാല്‍ ഇനി അങ്ങനെയാവില്ല. പാമ്പുവിഷം ഇല്ലാതെതന്നെ വിഷ ചികിത്സയ്ക്കുള്ള ആന്റിവെനം തയാറാക്കാന്‍ കഴിയുമെന്ന് കണ്ടുപിടിച്ചിരിക്കുകയണ് കേരള കമ്പനികള്‍. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജീനോമിക്‌സ് കമ്പനികളാണ് കണ്ടുപിടുത്തത്തിന് പിന്നില്‍.

അഗ്രിജീനോം ലാബ്‌സ് ഇന്ത്യ, സൈജിനോം റിസര്‍ച്ച് ഫൗണ്ടേഷന്‍ എന്നിവയുടെ ശാസ്ത്രജ്ഞര്‍ ഇന്ത്യന്‍ മൂര്‍ഖന്റെ വിഷത്തിലാണ് പഠനം നടത്തിയത്. മൂര്‍ഖന്റെ വിഷത്തിന്റെ ജനിതക ഘടന കൃത്യമായി മനസിലാക്കി സിന്തറ്റിക് ആന്റി വെനങ്ങള്‍ നിര്‍മിച്ചെടുക്കാനുള്ള വഴിയൊരുക്കുകയായിരുന്നു. നേച്ചര്‍ ജനറ്റിക്‌സില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ജീനുകള്‍ എന്‍കോഡ് ചെയ്ത പ്രോട്ടീനുകളുടെ സങ്കീര്‍ണമായ മിശ്രിതമാണ് പാമ്പിന്‍ വിഷം. വിഷഗ്രന്ഥികളില്‍ പ്രതിഫലിക്കുന്ന 19 വിഷാംശ ജീനുകളെയാണ് ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞ് വേര്‍തിരിച്ചത്. കൃത്രിമമായി നിര്‍മിച്ചെടുക്കുന്ന ഹ്യുമന്‍ ആന്റിബോഡികള്‍ ഉപയോഗിച്ച് ഈ 19 വിഷ വസ്തുക്കളേയും ലക്ഷ്യം വെക്കുന്നതുവഴി സുരക്ഷിതവും ഫലപ്രദവുമായ ആന്റിവെനം നിര്‍മിക്കാന്‍ സാധിക്കുമെന്ന് ജനിതക പഠനത്തിനു നേതൃത്വം നല്‍കിയ എസ്ജിആര്‍എഫ് പ്രസിഡന്റ് ഡോ. ശേഖര്‍ ശേഷഗിരി വ്യക്തമാക്കി. ന്ഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് സിംഗപ്പൂര്‍ പ്രഫസറും പാമ്പു വിഷ വിദഗ്ധനായ ഡോ. ആര്‍ മഞ്ജുനാഥകിനി, അഗ്രിജിനോം ലാബിലെ ചീഫ് സയന്റിഫിക് ഓഫിസര്‍ ഡോ വിബി റെഡ്ഡി എന്നിവരും പഠനത്തില്‍ പങ്കാളികളായി.

ഇന്ത്യയിലെ മറ്റു വിഷപ്പാമ്പുകളുടേയും മാരകവിഷമുള്ള ആഫ്രിക്കന്‍ പാമ്പുകളുടേയും ജീനോമുകളും വിഷഗ്രന്ഥി ജീനുകളും ലഭ്യമാക്കുന്ന പരീക്ഷണങ്ങളാണ് അടുത്തഘട്ടം.

നിലവില്‍ പാമ്പിന്റെ വിഷം ഉപയോഗിച്ചാണ് ആന്റിവെനം ഉണ്ടാത്തുന്നത്. പാമ്പിന്‍ വിഷം ഉപയോഗിട്ട് കുതിരകളില്‍ ആന്റിബോഡി വികസിപ്പിച്ച് അതു ശുദ്ധീകരിച്ചാണ് ആന്റിവെനം ഉണ്ടാക്കുന്നത്. ഇത് 1895ല്‍ ഫ്രഞ്ച് ശാസ്ത്രജ്ഞന്‍ അല്‍ബര്‍ട്ട് കാല്‍മെറ്റ് വികസിപ്പിച്ചെടുത്ത രീതിയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com