ബ്രൗൺഷു​ഗറുമായി വേളാങ്കണ്ണി ഷൈജു പിടിയിൽ; കുടുങ്ങിയത് ഇടപാടുകാരെ കാത്തിരിക്കുമ്പോൾ

കോഴിക്കോട് എരഞ്ഞിക്കൽ കൊന്നാരിമൂല സ്വദേശി ഷൈജു എന്ന വേളാങ്കണ്ണി ഷൈജുവിനെയാണ് അറസ്റ്റ് ചെയ്തത്
ബ്രൗൺഷു​ഗറുമായി വേളാങ്കണ്ണി ഷൈജു പിടിയിൽ; കുടുങ്ങിയത് ഇടപാടുകാരെ കാത്തിരിക്കുമ്പോൾ

കോഴിക്കോട്: വിൽപനക്കായി കൊണ്ടുവന്ന 23 ഗ്രാം ബ്രൗൺഷുഗറുമായി 43കാരൻ അറസ്റ്റിൽ. കോഴിക്കോട് എരഞ്ഞിക്കൽ കൊന്നാരിമൂല സ്വദേശി ഷൈജു എന്ന വേളാങ്കണ്ണി ഷൈജുവിനെയാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിലെ യുവാക്കൾക്ക് നൽകാനായാണ് ഇവ എത്തിച്ചത്.

കാസർകോടുള്ള ഏജന്റ് വഴി രാജസ്ഥാൻ സ്വദേശിയിൽ നിന്ന് ബ്രൗൺഷുഗർ വാങ്ങി ട്രെയിൻ മാർഗം കോഴിക്കോട് എത്തിച്ചു വില്പന നടത്തുന്നതാണ് ഇയാളുടെ രീതി. കോഴിക്കോട് എത്തിച്ച ബ്രൗൺഷുഗറുമായി ഇടപാടുകാരെ കാത്തിരിക്കുമ്പോഴാണ് ഇയാൾ പൊലീസിന്റെ പിടിയിലായത്.

നാല് വർഷത്തോളം ഗൾഫിൽ ജോലി ചെയ്തിരുന്ന ഷൈജു തിരിച്ചെത്തിയ ശേഷം ബ്രൗൺഷുഗർ പോലുള്ള വീര്യം കൂടിയ ലഹരിക്ക് അടിമയായിരുന്നു. തനിക്ക് ലഹരി ഉപയോഗിക്കുന്നതിനാവശ്യമായ വലിയ തുക സമ്പാദിക്കുന്നതിനായാണ് ഇയാൾ ബ്രൗൺഷുഗർ വിൽപനയിലേക്ക് കടന്നത്. കോഴിക്കോട് ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ എൻഡിപിഎസ് ആക്ട് പ്രകാരമുള്ള കേസുകളിലെ പ്രതിയാണ് ഇയാൾ.

റെയിൽവേ സ്റ്റേഷൻ, ബസ്സ് സ്റ്റാൻഡ് പോലുള്ള പൊതുസ്ഥലങ്ങളിൽ ഡൻസാഫ് ഉൾപ്പെടെയുള്ള വിഭാഗങ്ങൾ മഫ്തിയിൽ നിരീക്ഷണം നടത്തി വരുന്നുണ്ട്. സംശയാസ്പദമായ സാഹചര്യത്തിൽ ഷൈജുവിനെ കണ്ട വിവരം ഡൻസാഫ് വഴി ലഭിച്ച ടൗൺ എസ്ഐ വാസുദേവന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു. ഒരു മാസത്തെ ഇടവേളയിൽ രണ്ടാം തവണയാണ് ടൗൺ പൊലീസും ഡൻസാഫും ചേർന്ന് ബ്രൗൺ ഷുഗർ പിടികൂടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com