മരംകോച്ചുന്ന മഞ്ഞ് ഇക്കുറി ഫെബ്രുവരിയില്‍, കേരളത്തിന്റെ കാലാവസ്ഥയില്‍ കാതലായ മാറ്റം

ഉത്തരേന്ത്യ കടുത്ത ശൈത്യത്തിന്റെ പിടിയില്‍ അമര്‍ന്നപ്പോഴും, കേരളത്തില്‍ വരണ്ട കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്
ഫയല്‍ചിത്രം
ഫയല്‍ചിത്രം

കൊച്ചി: കേരളത്തില്‍ ഇത്തവണ ശൈത്യം വൈകുമെന്ന് റിപ്പോര്‍ട്ട്. കാലാവസ്ഥ മാറ്റം കാരണം ഫെബ്രുവരിയിലേ സംസ്ഥാനത്ത് ശൈത്യം അനുഭവപ്പെടുവെന്ന് കാലാവസ്ഥ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. കാറ്റിന്റെ ഗതിയില്‍ വന്ന മാറ്റവും തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ സംസ്ഥാനത്ത് നിന്ന് വിടപറയാന്‍ താമസിച്ചതും അറബി കടല്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ ചൂടുപിടിച്ചുനില്‍ക്കുന്നതുമാണ് ശൈത്യക്കാലം വൈകാന്‍ കാരണമെന്ന് വിദ്ഗധര്‍ അഭിപ്രായപ്പെടുന്നു.

ഉത്തരേന്ത്യ കടുത്ത ശൈത്യത്തിന്റെ പിടിയില്‍ അമര്‍ന്നപ്പോഴും, കേരളത്തില്‍ വരണ്ട കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. സംസ്ഥാനത്ത് ജനുവരി മാസത്തില്‍ രാത്രികാലങ്ങളില്‍ തണുപ്പ് അനുഭവപ്പെടുന്നതാണ് പതിവ്. എന്നാല്‍ സംസ്ഥാനത്ത് ഉടനീളം ശരാശരി 3 ഡിഗ്രി അമിത ചൂടാണ് അനുഭവപ്പെടുന്നത്. പാലക്കാട് മാത്രം രാത്രികാലങ്ങളിലെ ചൂട് 4.7 ഡിഗ്രിയാണ്. പുതുവര്‍ഷദിനത്തില്‍ തണുപ്പ് തേടി മൂന്നാറിലേക്ക് പോയ വിനോദസഞ്ചാരികളും നിരാശയോടെയാണ് മടങ്ങിയത്. രാത്രിയില്‍ കടുത്ത ചൂടാണ് അനുഭവപ്പെട്ടത്.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മണ്‍സൂണിന്റെ ഗതിയില്‍ കാര്യമായ മാറ്റം സംഭവിച്ചിട്ടുണ്ട്. പതിവില്‍ നിന്ന് വ്യത്യസ്തമായി ഓഗസ്റ്റ് മാസത്തിലാണ് കൂടുതല്‍ മഴ ലഭിക്കുന്നത്.  ഇതോടെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരളത്തില്‍ നി്ന്ന് പിന്‍വാങ്ങാന്‍ സമയമെടുക്കുകയാണ്. ഇതാണ് ശൈത്യക്കാലത്തെ ബാധിച്ച ഒരു സുപ്രധാന കാരണം. ഇത് വടക്കുപടിഞ്ഞാറന്‍ മണ്‍സൂണിന്റെ കടന്നുവരവിനെയും കാര്യമായി ബാധിച്ചതായി കാലാവസ്ഥ വകുപ്പ് മുന്‍ ഡയറക്ടര്‍ എസ് സുദേവനെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കാറ്റിന്റെ ഗതിയിലും മാറ്റം വന്നിട്ടുണ്ട്. സംസ്ഥാനത്തെ ശൈത്യക്കാലത്തേയ്ക്ക് നയിക്കുന്ന വടക്കന്‍ കാറ്റ് ഇതുവരെ കേരളത്തില്‍ എത്തിയിട്ടില്ല. ഫെബ്രുവരിയോടെ വടക്കന്‍ കാറ്റ് കേരളത്തില്‍ എത്തുമെന്ന്് പ്രതീക്ഷിക്കുന്നതായി സുദേവന്‍ പറയുന്നു. വടക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ വൈകിയതുമൂലം ഡിസംബറില്‍ കേരളത്തില്‍ അമിത മഴയാണ് ലഭിച്ചത്. നവംബറില്‍ മഴ കുറയാന്‍ കാരണമായി. ഇത്തരത്തില്‍ കാലാവസ്ഥയില്‍ വന്ന മാറ്റങ്ങളും ശൈത്യക്കാലത്തെ ബാധിച്ചതായി വിദഗ്ധര്‍ പറയുന്നു.

കാറ്റിന്റെ ഗതിയിലുണ്ടായ മാറ്റം കാലാവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. അറബി കടല്‍ ചൂടുപിടിച്ചിരിക്കുന്ന അവസ്ഥയാണ്. അറബിക്കടലില്‍ ചുഴലിക്കാറ്റ് അപൂര്‍വ്വമായിരിക്കുകയാണ്. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലത്ത് പടിഞ്ഞാറന്‍ കടല്‍ത്തീരത്ത് ആറ് ചുഴലിക്കാറ്റുകളാണ് രൂപം കൊണ്ടത്. ചുഴലിക്കാറ്റുകളുടെ എണ്ണത്തിലുണ്ടായ കുറവ് അറബി കടലിലെ ഊഷ്മാവ് ഉയരുന്നതിന് കാരണമായതായും വിദഗ്ധര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com