നാട്ടുകാര്‍ക്ക് കൗതുകക്കാഴ്ച; മരടിലെ  ഫ്ലാറ്റുകൾ കാണാന്‍ ആളുകളുടെ കുത്തൊഴുക്ക്; സെല്‍ഫിമയം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th January 2020 03:49 PM  |  

Last Updated: 10th January 2020 03:49 PM  |   A+A-   |  

 

കൊച്ചി: മരടിലെ  ഫ്ലാറ്റുകൾ  പൊളിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഇപ്പോള്‍ കൊച്ചിയിലെ ഏറ്റവും വലിയ കൗതുക കാഴ്ചയാണ് നാളെ പൊളിക്കാന്‍ പോകുന്ന മരടിലെ  ഫ്ലാറ്റുകൾ .  ഫ്ലാറ്റുകൾ  കാണാന്‍ അയല്‍ ജില്ലയില്‍ നിന്നുപോലും നൂറ് കണക്കിനാളുകളാണ് എത്തുന്നത്.  നാളെ ഫ്ലാറ്റ് പൊളിക്കുന്നത് കാണാനും വലിയ ജനക്കൂട്ടം ഉണ്ടായേക്കും.

ശനിയാഴ്ച ആല്‍ഫ സെറീന്‍, ഹോളിഫെയ്ത്ത് എച്ച്ടുഒ ഫ്ലാറ്റുകളായിരിക്കും നിയന്ത്രിത സ്‌ഫോടനങ്ങളിലൂടെ പൊളിക്കുക. തൊട്ടടുത്തദിവസം ജെയിന്‍ കോറല്‍കോവ്, ഗോള്‍ഡന്‍ കായലോരം ഫ്ലാറ്റ് സമുച്ചയങ്ങളും സമാനരീതിയില്‍ പൊളിച്ചുനീക്കും.

കഴിഞ്ഞ ദിവസങ്ങളില്‍ കൊച്ചിയില്‍ ഏറ്റവും അധികം ആളുകള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ടാവുക പൊളിക്കാനിരുക്കുന്ന ഫ്ലാറ്റുകളുടെ ചിത്രം ആയിരിക്കും. കുണ്ടന്നൂര്‍ തേവര പാലത്തിലൂടെ കടന്നു പോകുന്നവരില്‍ നല്ലൊരു പങ്കും ഒരു നിമിഷം ബൈക്ക് നിര്‍ത്തി ഫ്ലാറ്റ് കാണാനും ഇരു സെല്‍ഫി എടുക്കാനും സമയം കണ്ടെത്തുന്നു. ചിലര്‍ ഫേസ് ബുക്ക് ലൈവ് ചെയ്യുന്നു. വേറെ ചിലര്‍ കൗതുകത്തോടെ ചുമ്മാ കണ്ടു നില്‍ക്കുന്നു. കാറില്‍ പോകുന്നവര്‍ വാഹനം സാവധാനത്തില്‍ ഓടിച്ച് ഒരു നോട്ടം കൊണ്ട് തൃപ്തരാകുന്നു. ദിവസവും ഈ ഫ്ലാറ്റ് കണ്ട് ഇതിലെ കടന്നു പോയവര്‍ക്ക് ഇത് ഇനി കാണാന്‍ കഴിയില്ലല്ലോ എന്നാണ് ചിന്ത. 

കേരളത്തിന്റെ പരിസ്ഥിതി രാഷ്ട്രീയ ചരിത്രത്തിലെ നിര്‍ണായക ഏടാണ് മരടിലെ ഫ്ലാറ്റ് പൊളിക്കല്‍. അതു കൊണ്ടു തന്നെ പൊളിഞ്ഞു വീഴും മുമ്പ് ഈ നിര്‍മിതികള്‍ പശ്ചാത്തലമാക്കിയുള്ള ഓരോ ക്ലിക്കിനുമുണ്ട് ചരിത്രപരമായ പ്രാധാന്യമുണ്ടെന്നാണ് സെല്‍ഫിക്കാര്‍ പറയുന്നത്.

അതേസമയം മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്നതിന് മുന്നോടിയായുള്ള മോക്ഡ്രില്‍ പൂര്‍ത്തിയായി. ആദ്യം പൊളിക്കുന്ന എച്ച്ടുഒ ഫ്ലാറ്റിലെ മോക്ഡ്രില്‍ നടപടിക്രമങ്ങളാണ് പൂര്‍ത്തിയായത്. മോക്ഡ്രില്‍ വിജയകരമായിരുന്നെന്ന് ഐജി. വിജയ് സാഖറെ അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങളില്‍ ചെറിയ ചെറിയ പോരായ്മകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. പോരായ്മകള്‍ പരിഹരിക്കുമെന്നും സൈറണ്‍ കുറച്ചുകൂടി ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് മാറ്റിസ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

പൊലീസിന്റെ സുരക്ഷാ ക്രമീകരണങ്ങളുടെ ആദ്യ വിലയിരുത്തലിന് ശേഷമാണ് മോക്ഡ്രില്‍ നടന്നത്. എറണാകുളം ജില്ലാ കളക്ടര്‍ സുഹാസ്, കൊച്ചി സിറ്റി പൊലീസ് കമ്മീഷണറും ഐജിയുമായ വിജയ് സാക്കറെ, ഫോര്‍ട്ട് കൊച്ചി സബ്കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് എന്നിവര്‍ അടങ്ങുന്ന ഉന്നത ഉദ്യോഗസ്ഥരെല്ലാം തന്നെ മരട് നഗരസഭയിലെ കണ്‍ട്രോള്‍ റൂമിലേക്ക് എത്തി. സംഭവസ്ഥലത്ത് വന്‍ പൊലീസ് സന്നാഹത്തെയും വിന്യസിച്ചിരുന്നു.