അഷ്ടമുടി കായലില്‍  'ചാകര'; നാട്ടില്‍ അയലക്കഥ

കായലില്‍ മത്സ്യബന്ധനം നടത്തുന്നവരുടെ വലയില്‍ അയല കുടുങ്ങുന്നതു പതിവായി
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

കൊല്ലം: അഷ്ടമുടി കായലില്‍ കടല്‍ മീനായ അയലയുടെ 'ചാകര'. കായലില്‍ മത്സ്യബന്ധനം നടത്തുന്നവരുടെ വലയില്‍ അയല കുടുങ്ങുന്നതു പതിവായി. ഇതോടെ നാട്ടിലെ പ്രധാന സംസാരവിഷയമായി അയലക്കഥ മാറിയിരിക്കുകയാണ്.

കടലില്‍ നിന്നു ഉപ്പുവെള്ളം കായലിലേക്കു തള്ളിക്കയറുന്നതാണ് ഇതിന് കാരണം.  കടല്‍വെള്ളത്തോടൊപ്പം ഉപരിതല മത്സ്യമായ അയലയും കൂട്ടത്തോടെയാണ് കായലിലേക്കു വരുന്നത്. മണ്‍റോത്തുരുത്ത് ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ക്ക് ഉപ്പുവെളളം കയറുന്നത് കടുത്ത ഭീഷണിയും ഉയര്‍ത്തുന്നുണ്ട്. പേഴുംതുരുത്ത്, മുട്ടം ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം മത്സ്യത്തൊഴിലാളികള്‍ക്കു വ്യാപകമായി അയല കിട്ടി. കടല്‍ മത്സ്യങ്ങളായ കലവ, ശീലാവ് എന്നിവയും ധാരാളമായി ലഭിക്കുന്നുണ്ട്.

ഉപ്പുവെളളം തള്ളിക്കയറുന്നതോടെ കായലിന്റെ സ്വാഭാവിക പരിസ്ഥിതി ഇല്ലാതാകുമെന്ന ആശങ്കയുമുണ്ട്. അഷ്ടമുടിയുടെ തനതായ മത്സ്യ ഇനങ്ങള്‍ വന്‍തോതില്‍ കുറയുകയും ചെയ്യുന്നു. കണമ്പ്, കരിമീന്‍, ഞണ്ട്, മുരിങ്ങ, ആറ്റുകൊഞ്ച് എന്നിവ ഉദാഹരണം. നിശ്ചിത ലവണാംശമുള്ള കടല്‍ഭാഗങ്ങളിലാണ് അയല സാധാരണ കാണപ്പെടാറുള്ളത്. ഇതേ ലവണാംശമുള്ള വെള്ളം കായലിലേക്ക് ഒഴുകിയെത്തുമ്പോള്‍ അയലയും ഒപ്പം വരുന്നുവെന്നു ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com