കാറില്‍ കുട്ടികള്‍ക്ക് ഒപ്പം യാത്ര ചെയ്യുന്നവര്‍ ശ്രദ്ധിക്കുക!; റോഡില്‍ തെറിച്ചുവീഴുന്ന നടുക്കുന്ന വീഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th January 2020 11:20 AM  |  

Last Updated: 10th January 2020 11:21 AM  |   A+A-   |  

 

കാറില്‍ കുട്ടികള്‍ ഒപ്പം യാത്ര ചെയ്യുന്നുണ്ടെങ്കില്‍, അവരുടെ സുരക്ഷ വളരെ പ്രാധാന്യമേറിയതാണ്. കാറില്‍ കുട്ടികളുടെ സുരക്ഷയ്ക്കായുളള സേഫ്റ്റി ലോക്ക് ഉറപ്പുവരുത്തേണ്ടതാണ്. കാറില്‍ ഡോറിനോട് ചേര്‍ന്ന് കുട്ടികള്‍ ഇരിക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതും അനിവാര്യമാണ്. ഇത്തരം സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാതെ ഓടിച്ച കാറില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീഴുന്ന കുട്ടിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.

പങ്കജ് നയ്ന്‍ ഐപിഎസാണ് സോഷ്യല്‍മീഡിയയില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കേരളത്തില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് കുട്ടികള്‍ക്ക് ഒപ്പം യാത്ര ചെയ്യുന്ന മുതിര്‍ന്നവര്‍ക്കുളള മുന്നറിയിപ്പ് എന്ന നിലയില്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.അപകടകരമായ വളവ് തിരിയുന്ന സമയത്ത് കാറിന്റെ ഡോര്‍ തുറന്ന് കുട്ടി റോഡില്‍ തെറിച്ചുവീഴുന്ന നടുക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

ഈസമയത്ത് റോഡിലൂടെ കടന്നുവരുന്ന ബസും ഓട്ടോറിക്ഷയും ബൈക്കും അപകടം മനസ്സിലാക്കി ബ്രേക്കിട്ട് നിര്‍ത്തി. അതുകൊണ്ട്  മറ്റു ആപത്തുകളില്‍ ഒന്നും പെടാതെ കുട്ടി അത്ഭുതകരമായി രക്ഷപ്പെടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. കുട്ടി തെറിച്ചുവീണു എന്ന് മനസ്സിലാക്കിയ കാര്‍ ഡ്രൈവര്‍ വാഹനം നിര്‍ത്തി കുട്ടിയുടെ അടുത്തേയ്ക്ക് ഓടി. തുടര്‍ന്ന്  കുട്ടിയെയും എടുത്ത് കാറിലേക്ക് കൊണ്ടുപോകുന്ന ഭാഗത്ത് വച്ചാണ് വീഡിയോ അവസാനിക്കുന്നത്.