തീരദേശ നിയമം ലംഘിച്ചു ; കാപികോ റിസോര്‍ട്ട് പൊളിക്കണമെന്ന് സുപ്രീംകോടതി, ഉടമകളുടെ ഹര്‍ജി തള്ളി

തീരദേശ നിയമം ലംഘിച്ചു പണിത പാണാവള്ളി നെടിയതുരുത്തിലെ കാപികോ റിസോര്‍ട്ട് പൊളിക്കണമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു
തീരദേശ നിയമം ലംഘിച്ചു ; കാപികോ റിസോര്‍ട്ട് പൊളിക്കണമെന്ന് സുപ്രീംകോടതി, ഉടമകളുടെ ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: വേമ്പനാട് കായലിന്റെ തീരത്തുള്ള കാപികോ റിസോര്‍ട്ട് പൊളിച്ചു നീക്കണമെന്ന് സുപ്രീം കോടതി. റിസോര്‍ട്ട് പൊളിക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരേ കാപികോ ഉടമകള്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി ഉത്തരവ്. റിസോര്‍ട്ട് പൊളിക്കണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു. തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച റിസോര്‍ട്ടുകള്‍ പൊളിച്ചുനീക്കാനാണ് കോടതി ഉത്തരവിട്ടത്.

തീരദേശ നിയമം ലംഘിച്ചു പണിത പാണാവള്ളി നെടിയതുരുത്തിലെ കാപികോ റിസോര്‍ട്ട് പൊളിക്കണമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കാപികോ റിസോര്‍ട്ട് പൊളിച്ച് നീക്കാന്‍ 2013ല്‍ ആണ് ഇപ്പൊള്‍ സുപ്രീംകോടതി ജഡ്ജിയായ ജസ്റ്റിസ് കെ.എം ജോസഫിന്റെ നേതൃത്വത്തില്‍ ഉള്ള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്. ഇതിനെതിരേ കാപികോ റിസോര്‍ട്ട് ഉടമകള്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഉടമകളുടെ ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ് വി രാമസുബ്രഹ്മണ്യമാണ് ഉത്തരവിറക്കിയത്. ജസ്റ്റിസ് റോഹിംഗ്ടണ്‍ നരിമാനും വി രാമസുബ്രഹ്മണ്യവും വിശദമായ വാദം കേട്ട ശേഷമാണ് വിധി പുറപ്പെടുവിച്ചത്.

ജസ്റ്റിസ് കെ എസ് രാധാകൃഷ്ണന്‍ സുപ്രീം കോടതി ജഡ്ജിയായിരുന്ന കാലത്ത് വേമ്പനാട്ട് കായലിലെ കയ്യേറ്റങ്ങള്‍ സംബന്ധിച്ച് സ്വമേധയാ കേസെടുത്തിരുന്നു. അക്കാലത്ത് വനം പരിസ്ഥിതി മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി. ആ റിപ്പോര്‍ട്ടിലാണ് കാപികോ, വാമികോ റിസോര്‍ട്ടുകളുടെ അനധികൃത നിര്‍മ്മാണത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുണ്ടായിരുന്നത്. ആലപ്പുഴ, എറണാകുളം തുടങ്ങിയ ജില്ലകളിലെ 18ഓളം കെട്ടിടങ്ങളുടെ നിയമലംഘനം സംബന്ധിച്ച് ഇതില്‍ പരാമര്‍ശങ്ങളുണ്ടായിരുന്നു. ഇതിന്റെ തുടര്‍നടപടിയാാണ് 2018ല്‍ കേരള ഹൈക്കോടതി കാപികോ, വാമികോ റിസോര്‍ട്ടുകള്‍ പൊളിച്ചു നീക്കണമെന്ന് ഉത്തരവിട്ടത്.

കാപികോ റിസോര്‍ട്ട് പൊളിക്കണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരും സംസ്ഥാന തീരദേശ പരിപാലന അതോറിറ്റിയും സ്വീകരിച്ച നിലപാട്. നെടിയന്തുരുത്തില്‍ പരാതിക്കാര്‍ നടത്തിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കടുത്ത നിയമലംഘനവും പൊതുതാത്പര്യത്തിന് എതിരുമാണെന്നും സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തോട് അടുത്തിരിക്കെയാണ് മറ്റൊരു കെട്ടിടം കൂടി പൊളിക്കാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com