പൊലീസ് സ്റ്റേഷനിലേക്ക് സ്ത്രീകളെ വിളിച്ചു വരുത്തരുത്; കര്‍ശന നിര്‍ദേശവുമായി ഡിജിപി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th January 2020 07:06 AM  |  

Last Updated: 10th January 2020 07:06 AM  |   A+A-   |  

loknath_behera

 

കൊല്ലം: പരാതിക്കാരോ, സാക്ഷികളോ ആയ സ്ത്രീകളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരത്തരുത് എന്ന ചട്ടം കര്‍ശനമായി പാലിക്കാന്‍ ഡിജിപിയുടെ നിര്‍ദേശം. ഇതില്‍ നിന്നും വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പു തല നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ  ഉത്തരവില്‍ പറയുന്നു. 

സ്ത്രീകളെ മൊഴിയെടുക്കാനും മറ്റുമായി വിളിച്ചു വരുത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. ക്രിമിനല്‍ നടപടി ചട്ടങ്ങളനുസരിച്ച് കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ സ്ത്രീകളടക്കം ഓരോ വ്യക്തിയും ബാധ്യസ്ഥരാണ്. പക്ഷേ, വ്യക്തികളുടെ നിയമപരമായ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കൂടി പൊലീസ് ഉദ്യോഗസ്ഥര്‍ ശ്രദ്ധ പുലര്‍ത്തണം. 

വനിതാ പൊലീസ് ഉദ്യോഗസ്ഥരാണ് സ്ത്രീകളുടെ മൊഴി രേഖപ്പെടുത്തേണ്ടത്. അവര്‍ക്ക് നിയമസഹായവും, ആരോഗ്യ സംരക്ഷണവും, വനിതാ സംഘടനയുടേയോ, മറ്റ് പ്രവര്‍ത്തകരുടേയോ സഹായവും ലഭ്യമാക്കണം. സത്രീകളെ സാക്ഷിയായി പൊലീസ് സ്റ്റേഷനിലേക്കോ മറ്റ് സ്ഥലങ്ങളിലേക്കോ വിളിപ്പിക്കരുത്. പരാതിക്കാരിയുടെ മൊഴി വീഡിയോ ആയോ, ഓഡിയോ ആയോ രേഖപ്പെടുത്തണം. മൊഴി രേഖപ്പെടുത്തിയതില്‍ ഒപ്പിടാന്‍ സ്ത്രീകളോട് പൊലീസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടരുതെന്നും ഉത്തരവില്‍ പറയുന്നു.