മുന്‍ ഡിവൈഎസ്പിയുടെ കാര്‍ ബൈക്കിലിടിച്ചു; പരാതിപ്പെട്ട യുവാവിനെ പൊലീസ് നിരന്തരം കേസില്‍ കുടുക്കി; ജയിലില്‍ മര്‍ദിച്ചുവെന്ന് ആരോപണം

മുന്‍ ഡിവൈഎസ്പിയുടെ കാര്‍ ബൈക്കിലിടിച്ചതിന് എതിരെ പരാതി നല്‍കിയതിന്റെ പേരില്‍ യുവാവിന് എതിരെ പൊലീസ് നിരന്തരം കള്ളക്കേസ് എടുക്കുന്നുവെന്ന് ആരോപണം
ആകര്‍ഷും ഭാര്യ നന്ദനയും
ആകര്‍ഷും ഭാര്യ നന്ദനയും

പാലക്കാട്:മുന്‍ ഡിവൈഎസ്പിയുടെ കാര്‍ ബൈക്കിലിടിച്ചതിന് എതിരെ പരാതി നല്‍കിയതിന്റെ പേരില്‍ യുവാവിന് എതിരെ പൊലീസ് നിരന്തരം കേസ് എടുക്കുന്നുവെന്ന് ആരോപണം. പാലക്കാട് കൊല്ലങ്കോട് സ്വദേശി ആകര്‍ഷാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. നാല് കള്ളക്കേസുകള്‍ പൊലീസ് തനിക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ആകര്‍ഷ് പറയുന്നു.

2019ഒക്ടോബര്‍ ആറിനാണ് കൊല്ലങ്കോട് പൊലീസ് സ്റ്റേഷന് സമീപത്ത് വെച്ച് ആകര്‍ഷിന്റെ ബൈക്ക് മുന്‍ ഡിവൈഎസ്പി എം കെ തങ്കപ്പന്റെ കാറുമായി കൂട്ടിയിടിക്കുന്നത്. കാര്‍ റോങ് സൈഡിലൂടെയാണ് വന്നിരുന്നതെന്ന് ആകര്‍ഷ് പറയുന്നു. കാറില്‍ നിന്നിറങ്ങിയ ഡിവൈഎസ്പി ആകര്‍ഷിനെ തല്ലുകയും ബൈക്കിന്റെ മിറര്‍ അടിച്ചു പൊട്ടിക്കുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി ആകര്‍ഷ് കൊല്ലങ്കോട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

തങ്കപ്പനൊപ്പം കാറില്‍ ഉണ്ടായിരുന്നത് മജിസ്‌ട്രേറ്റായ അദ്ദേഹത്തിന്റെ മകളാണെന്നും 1500രൂപ ഫൈന്‍ അടച്ച് ബൈക്ക് കൊണ്ടുപൊയ്‌ക്കോ എന്നായിരുന്നു സിഐ കെ പി ബെന്നിയുടെ മറുപടി എന്ന് ആകര്‍ഷ് പറയുന്നു. തന്റെ പക്കല്‍ പണമില്ലെന്നും സ്‌റ്റേഷന് മുന്നിലെ സിസിടിവി പരിശോധിച്ചാല്‍ ആരുടെ ഭാഗത്താണ് തെറ്റെന്ന് മനസ്സിലാകുമെന്നും ആകര്‍ഷ്  പൊലീസിനോട് പറഞ്ഞു.

പിന്നീട് പൊലീസ് ആകര്‍ഷിന്റെ ബൈക്ക് സീസ് ചെയ്യുകയായിരുന്നു. ' ബൈക്ക് തിരിച്ചെടുക്കാന്‍ അടുത്ത ദിവസം വരാന്‍ പറഞ്ഞു. പിറ്റേദിവസം വൈകുന്നേരംവരെ ഞാനവിടെ ബൈക്കിനായി കാത്തുനിന്നു. ഇത് ദിവസങ്ങളോളം നീണ്ടു. പിന്നീട് കൊല്ലങ്കോട് പൊലീസിന് എതിരെ ഞാന്‍ എസ്പി ഓഫീസില്‍ പരാതി നല്‍കി. എന്റെ പരാതി ആലത്തൂര്‍ ഡിവൈഎസ്പിക്ക് എസ്പി ഓഫീസ് കൈമാറി. ഇതിന് പിന്നീലെയാണ് എനിക്കെതിരെ പൊലീസ് അനാവശ്യമായി കേസുകള്‍ രജിസ്റ്റര്‍ ചെയ്തു തുടങ്ങിയത്'-ആകര്‍ഷ് പറയുന്നു.

ബൈക്ക് അപകടം സംഭവിക്കുന്നതിന് മുമ്പ് ആകര്‍ഷും അമ്മാവന്‍ ചന്ദ്രനും തമ്മില്‍ സ്വത്ത് തര്‍ക്കമുണ്ടായിരുന്നു. ഇത് പൊലീസ് സ്റ്റേഷനിലാണ് പരിഹരിച്ചത്. എല്ലാ കേസിലും അമ്മാവനാണ് സാക്ഷിയെന്ന് ആകര്‍ഷ് പറയുന്നു.

ആകര്‍ഷിന്റെ കുടുംബത്തിന് നേരെയും അക്രമം നടന്നുവെന്ന് പരാതിയുണ്ട്. പതിനഞ്ചോളം വരുന്ന സംഘം തങ്ങളുടെ വാടക വീട് ആക്രമിക്കുകയായിരുന്നു എന്ന് കാട്ടി ആകര്‍ഷിന്റെ ഭാര്യ നന്ദന ആകര്‍ഷാണ് പരാതി നല്‍കിയിരിക്കുന്നത്. ജനുവരി അഞ്ചാംതീയതി വീട് ആക്രമിച്ച സംഘം ഭര്‍ത്താവിനെ ആക്രമിച്ചുവെന്നും തടയാന്‍ ചെന്ന തന്നെയും അക്രമിച്ചുവെന്നും പരാതിയില്‍ പറയുന്നു. വീടിന് നേരെ കല്ലേറുണ്ടായി. ഇതിലൊരു കല്ല് പതിച്ചത് 26 ദിവസം മാത്രം പ്രായമുള്ള തന്റെ കുഞ്ഞിന്റെ കയ്യിലാണെന്നും നന്ദന പരാതിയില്‍ പറയുന്നു.

രണ്ടുതവണ കോടതി റിമാന്‍ഡ് ചെയ്ത തന്നെ പൊലീസ് ജയിലില്‍ ക്രൂരമായി മര്‍ദിച്ചുവെന്നും ആകര്‍ഷ് വ്യക്തമാക്കുന്നു. തനിക്കും കുടുംബത്തിനും നേരെ അക്രമം നടത്തിയവരെ ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ആകര്‍ഷ് പറയുന്നു.

എന്നാല്‍ മുന്‍ ഡിവൈഎസ്പിയോട് ആകര്‍ഷ് അപമര്യാദയായി പെരുമാറിയെന്നും തെറിവിളിച്ചുവെന്നുമാണ് സിഐ ബെന്നിയുടെ മറുപടി. കാറിലുണ്ടായിരുന്ന മകളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ആകര്‍ഷിന്റെ സുഹൃത്തിന്റേതാണ് ബൈക്ക്. അതിന് ഇന്‍ഷുറന്‍സ് ഇല്ലായിരുന്നു. മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് വഴക്കിനിടെ ഒരു പെണ്‍കുട്ടിയെ തല്ലിയതിനാണ്. മറ്റ് രണ്ടുകേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് അമ്മാവന്റെ വീട് ആക്രമിച്ചതിനും അദ്ദേഹത്തിന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയതിനുമാണെന്ന് സിഐ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com