'മുല്ലപ്പള്ളിയൊഴികെ ഒരു കേരളീയനും അത് വിശ്വസിക്കില്ല'; സമനില തെറ്റിയ ജല്‍പ്പനങ്ങളെന്ന് സിപിഎം

കെപിസിസി പ്രസിഡന്റ് നടത്തുന്ന പ്രസ്താവനകള്‍ സമനില തെറ്റിയ ജല്‍പ്പനങ്ങളാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്
'മുല്ലപ്പള്ളിയൊഴികെ ഒരു കേരളീയനും അത് വിശ്വസിക്കില്ല'; സമനില തെറ്റിയ ജല്‍പ്പനങ്ങളെന്ന് സിപിഎം


തിരുവനന്തപുരം:  ദേശീയ പൗരത്വ നിയമവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചിരിക്കുന്ന നിലപാടുകളെക്കുറിച്ച് കെപിസിസി പ്രസിഡന്റ് നടത്തുന്ന പ്രസ്താവനകള്‍ സമനില തെറ്റിയ ജല്‍പ്പനങ്ങളാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ നിലപാടുകളുടെ ഗുണഭോക്താവ് സംഘപരിവാറും നരേന്ദ്രമോഡിയുമാണ്.

നരേന്ദ്രമോദി സര്‍ക്കാരിന്റെ ഫാസിസ്റ്റ് സ്വഭാവമുള്ള നിലപാടുകള്‍ക്കെതിരെ ദേശവ്യാപകമായി നടക്കുന്ന സമരങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന പങ്കാണ് കേരള സര്‍ക്കാരും മുഖ്യമന്ത്രിയും സ്വീകരിച്ചത്. ഈ വിഷയത്തില്‍ എല്ലാവരേയും ഒരുമിപ്പിച്ച് സമരങ്ങള്‍ നടത്താനാണ് മുഖ്യമന്ത്രി മുന്‍കൈയെടുത്തത്. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സംഘടിപ്പിച്ച ജനകീയ പ്രതിഷേധ കൂട്ടായ്മയ്ക്കും, തുടര്‍ന്ന് നടന്ന സര്‍വ്വകക്ഷി യോഗത്തിനും മുഖ്യമന്ത്രി മുന്‍കൈയെടുത്തു.

പൗരത്വ ഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പിലാക്കില്ലായെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി ദേശീയ പൗരത്വ രജിസ്റ്ററും ഇവിടെ നടപ്പിലാക്കില്ലെന്ന് വ്യക്തമാക്കി. തുടര്‍ന്ന് നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പാസ്സാക്കാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ത്തു. കേരളത്തിന്റെ ഈ ധീരമായ നിലപാടുകള്‍ സാമ്രാജ്യത്വ വിരുദ്ധ ദേശീയ പ്രസ്ഥാനത്തിന്റെ പാരമ്പര്യത്തില്‍ ആവേശം ഉള്‍ക്കൊള്ളുന്ന, ദേശീയ ഐക്യം, മതനിരപേക്ഷത, ഭരണഘടന ഇവ നിലനിന്ന് കാണണമെന്നാഗ്രഹിക്കുന്ന മുഴുവന്‍ ആളുകളും കക്ഷി രാഷ്ട്രീയ ഭേദമന്യേ അംഗീകരിച്ചു.

ഈ വിഷയത്തില്‍ മുന്‍കൈയെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ട് 13 ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്ക് കേരള മുഖ്യമന്ത്രി കത്തെഴുതുകയും ചെയ്തു. കോണ്‍ഗ്രസ്സിനേയും യുഡിഎഫിനേയും പിന്തുണയ്ക്കുന്നവരുള്‍പ്പെടെ അഭിനന്ദിച്ച ഈ നിലപാടിനെതിരെ തുടക്കം മുതല്‍ എതിര്‍പ്പ് പ്രകടിപ്പിച്ച ആളാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ബിജെപി കേന്ദ്രസര്‍ക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ നിലപാടുകള്‍ക്കും തെറ്റായ സാമ്പത്തിക നയങ്ങള്‍ക്കുമെതിരെ രാജ്യമാകെ വ്യാപമായ പ്രതിരോധം ഉയരുമ്പോഴാണ് കെപിസിസി അധ്യക്ഷന്‍ കേരള മുഖ്യമന്ത്രിയെ തുടര്‍ച്ചയായി കടന്നാക്രമിക്കുന്നത്. മുല്ലപ്പള്ളി, മുഖ്യമന്ത്രിയ്‌ക്കെതിരെ ഉന്നയിച്ച തീവ്രഹിന്ദുത്വവാദി' എന്ന ആക്ഷേപം മുല്ലപ്പള്ളി ഒഴികെ ഒരു കേരളീയനും വിശ്വസിക്കില്ല. ഇത്തരം വിലകുറഞ്ഞ പ്രസ്താവനകളിലൂടെ സ്വന്തം സ്ഥാനത്തിന്റെ മഹത്വമാണ് മുല്ലപ്പള്ളി ഇടിച്ചുതാഴ്ത്തുന്നത്.

ബിജെപി സര്‍ക്കാരുകളുടെ നിഷ്ഠൂരമായ പൊലീസ് അതിക്രമങ്ങളും വെടിവെയ്പ്പുകളും നേരിട്ടുകൊണ്ട് പുതുതലമുറയിലെ വിദ്യാര്‍ത്ഥികളും യുവാക്കളും ഉള്‍പ്പെടെ ദശലക്ഷക്കണക്കിന് സാധാരണക്കാര്‍ മതനിരപേക്ഷതയും ഭരണഘടനയും സംരക്ഷിക്കാന്‍ തെരുവില്‍ നടത്തുന്ന പോരാട്ടങ്ങളോട് വഞ്ചനാപരമായ നിലപാടാണ് കെപിസിസി അധ്യക്ഷന്‍ സ്വീകരിക്കുന്നത്.

 കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിച്ചതു പോലുള്ള നിലപാടുകള്‍ പല കോണ്‍ഗ്രസ്സ് സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഇതുവരെ സ്വീകരിക്കാനായിട്ടില്ലെന്നും മുല്ലപ്പള്ളി മനസ്സിലാക്കണം. അവരെ തിരുത്താനാണ് മുല്ലപ്പള്ളി തയ്യാറാകേണ്ടത്. സംഘപരിവാര്‍ നയങ്ങള്‍ക്കെതിരെ രാജ്യം ഒന്നിക്കേണ്ട സന്ദര്‍ഭത്തില്‍ അതിന് മുന്‍കൈയെടുത്ത കേരള മുഖ്യമന്ത്രിയ്‌ക്കെതിരെ മുല്ലപ്പള്ളി നടത്തുന്ന ഇത്തരം വില കുറഞ്ഞ പ്രസ്താവനകള്‍ അവസാനിപ്പിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com