മലപ്പുറത്ത് സദാചാര പൊലീസ് ; സുഹൃത്തുക്കളായ ഡോക്ടര്‍മാരെ തടഞ്ഞ് ദൃശ്യങ്ങള്‍ പകര്‍ത്തി, പണം തട്ടി, അഞ്ചുപേര്‍ പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th January 2020 02:41 PM  |  

Last Updated: 10th January 2020 02:41 PM  |   A+A-   |  

 

മലപ്പുറം : മലപ്പുറത്ത് സുഹൃത്തുക്കളായ ഡോക്ടര്‍മാരെ തടഞ്ഞ് പണം തട്ടി. കൊളത്തൂരിന് അടുത്ത് എരുമത്തടത്താണ് സംഭവം. കാറിലായിരുന്ന ഡോക്ടര്‍മാരെ തടഞ്ഞുവെച്ച് സദാചാര പൊലീസ് ചമഞ്ഞ് ദൃശ്യങ്ങള്‍ പകര്‍ത്തി. ബലമായി എടിഎം കാര്‍ഡും പിന്‍നമ്പറും വാങ്ങി 20,000 രൂപ തട്ടിയെടുത്തു.

ഇവരുടെ കയ്യിലുണ്ടായിരുന്ന 3000 രൂപ ബലമായി പിടിച്ചുവാങ്ങിയ സംഘം, പിന്നീട് മൂന്ന് തവണയായി 17000 രൂപ കൂടി എടിഎം കാര്‍ഡ് വഴി പിന്‍വലിക്കുകയായിരുന്നു. സംഭവത്തില്‍ അഞ്ചുപേര്‍ പിടിയിലായി. നബീല്‍, ജുബൈസ്, മുഹമ്മദ് മൊഹ്‌സിന്‍, അബ്ദുള്‍ ഗഫൂര്‍, സതീഷ് കുമാര്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ കൊളത്തൂര്‍ എരുമത്തടം സ്വദേശികളാണ്.

കഴിഞ്ഞദിവസം പെണ്‍സുഹൃത്തിനൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന മലപ്പുറം സ്വദേശിക്കാണ് ദുരനുഭവം നേരിട്ടത്. ഇരുവരും ഡോക്ടര്‍മാരാണ്. എരുമത്തടത്ത് വെച്ച് ബൈക്കിലെത്തിയ അഞ്ചംഗ സംഘം ഇവരെ തടയുകയായിരുന്നു. 50,000 രൂപ നല്‍കിയാലേ വീട്ടയക്കൂ എന്നായിരുന്നു ഇവര്‍ ഭീഷണിപ്പെടുത്തിയത്. ഡോക്ടര്‍മാര്‍ പിന്നീട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.