അമിത് ഷാ കേരളത്തിലേക്കില്ല; പ്രചരിക്കുന്നത് തെറ്റായ കാര്യങ്ങൾ; ആസൂത്രിതമെന്ന് വി മുരളീധരൻ
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th January 2020 07:17 PM |
Last Updated: 11th January 2020 07:17 PM | A+A A- |

കണ്ണൂർ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിൽ വരുന്നുവെന്നത് തെറ്റായ പ്രചാരണമാണെന്നും അത്തരമൊരു പരിപാടി തീരുമാനിച്ചിട്ടില്ലെന്നും കേന്ദ്ര മന്ത്രി വി മുരളീധരൻ. ഇല്ലാത്ത പരിപാടിക്ക് നേരെയാണ് മുസ്ലിം യൂത്ത് ലീഗ് കറുത്ത മതിൽ പ്രതിഷേധ പരിപാടിക്ക് ആഹ്വാനം ചെയ്തതെന്നും മുരളീധരൻ പറഞ്ഞു. അമിത് ഷാ ജനുവരി 15ന് കേരളത്തിലെത്തുമെന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന റിപ്പോർട്ടുകൾ.
അമിത് ഷായുടെ സന്ദർശനം ആരും ആരോടും പറയാത്ത കാര്യമാണ്. ഇല്ലാത്ത പരിപാടിയുടെ പേരിലാണ് പ്രതിഷേധം. ഇത് ആസൂത്രിതമാണെന്നും മുരളീധരൻ പറഞ്ഞു. കണ്ണൂരിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു വി. മുരളീധരൻ.
പൗരത്വ ഭേദഗതി നിയമ വിശദീകരണത്തിനായി അമിത് ഷാ കേരളത്തിലെത്തുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന റിപ്പോർട്ടുകൾ. ജനുവരി 15ന് കോഴിക്കോട് ബീച്ചിൽ വിശദീകരണ സമ്മേളനം നടത്തുമെന്നും റിപ്പോർട്ടുണ്ടായിരുന്നു. തുടർന്നാണ് അമിത് ഷാ എത്തുമ്പോൾ കറുത്ത മതിൽ പ്രതിഷേധം സംഘടിപ്പിക്കാൻ യൂത്ത് ലീഗ് ആഹ്വാനം ചെയ്തത്. എന്നാൽ, സംഘർഷസാധ്യത മുന്നിൽകണ്ട് മുസ്ലിം ലീഗ് നേതൃത്വത്തിന്‍റെ നിർദേശ പ്രകാരം ഈ പരിപാടി യൂത്ത് ലീഗ് ഒഴിവാക്കിയിരുന്നു