അവശേഷിക്കുന്ന രണ്ട് ഫ്ലാറ്റുകൾ നാളെ നിലംപൊത്തും; സ്‌ഫോടനം രണ്ടായി പിളര്‍ന്നുപൊളിക്കും വിധം
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th January 2020 10:41 PM |
Last Updated: 11th January 2020 10:41 PM | A+A A- |

കൊച്ചി: മരടില്‍ സുപ്രീം കോടതി പൊളിക്കാന്‍ നിര്‍ദേശിച്ച 4 ഫ്ലാറ്റ് സമുച്ചയങ്ങളില്‍ ആദ്യത്തെതായ കുണ്ടന്നൂര്‍ എച്ച്2ഒ ഹോളിഫെയ്ത്തും ആല്‍ഫാ സെറീന്‍ ഇരട്ട ടവറുകളും നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തു. ഇനി സമാന വിധി ഞായറാഴ്ച ഏറ്റുവാങ്ങാനൊരുങ്ങുകയാണ് മരടിലെ മറ്റ് രണ്ട് ഫ്ലാറ്റുകള്‍ കൂടി. ജെയ്ന്‍ കോറല്‍കോവ്, ഗോള്‍ഡന്‍ കായലോരം എന്നീ ഫഌറ്റ് സമുച്ചയങ്ങളാണ് നാളെ നിയന്ത്രിത സ്‌ഫോടനത്തില്‍ കൂടി തകര്‍ക്കുക. രണ്ട് ഫ്ലാറ്റ് സമുച്ചയങ്ങളും 17 നില കെട്ടിടങ്ങളാണ്.
ശനിയാഴ്ച നിശ്ചയിച്ചതില്‍ നിന്നും മിനിറ്റുകള്‍ വൈകിയാണ് ഹോളിഫെയ്ത്ത് എച്ച്ടുഒ ഫ്ലാറ്റില്‍ സ്‌ഫോടനം നടത്തിയത്. 11 നിശ്ചയിച്ച സ്‌ഫോടനം സുരക്ഷാ അവലോകനങ്ങള്‍ക്ക് ശേഷം 11.17ന് പൂര്‍ത്തിയാക്കി. പിന്നാലെ 11.44ന് 16 നിലകള്‍ വീതമുള്ള ആല്‍ഫ സെരീന്‍ എന്ന ഫഌറ്റ് സമുച്ചയവും നിശ്ചയിച്ചതുപോലെ കോണ്‍ക്രീറ്റ് കൂമ്പാരമായി നിലംപതിച്ചു.
നാളെ ആദ്യം തകര്‍ക്കുക ജെയ്ന്‍ കോറല്‍കോവാണ്. പകല്‍ 11 മണിക്കാണ് കെട്ടിടം പൊളിക്കാന്‍ നിശ്ചിച്ചിരിക്കുന്നത്. അതിന് ശേഷം ഉച്ചയ്ക്ക് രണ്ടുമണിയോടെ ഗോള്‍ഡന്‍ കായലോരവും നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ക്കും. ആശങ്കപ്പെട്ടതുപോലെ അപകടങ്ങളില്ലാതെ ആദ്യ രണ്ട് ഫ്ലാറ്റ് സമുച്ചയങ്ങളും തകര്‍ക്കാന്‍ സാധിച്ചതോടെ നാളത്തെ നടപടിയിലും അധികൃതര്‍ ആത്മവിശ്വാസത്തിലാണ്.
നാളെ രാവിലെ എഴുമണിയോടുകൂടി ജെയ്ന്‍ കോറല്‍കോവിന്റെ സമീപത്തുള്ള ആളുകളോട് അവിടെനിന്ന് മാറാന്‍ അധികൃതര്‍ നിര്‍ദ്ദേശിക്കും. കെട്ടിടങ്ങള്‍ തകര്‍ത്തതിന് ശേഷം ഉച്ചകഴിഞ്ഞ് മാത്രമേ ഇവരെ തിരികെ പ്രവേശിക്കാന്‍ അനുവദിക്കു.
ശനിയാഴ്ച പൊളിച്ച ഫ്ലാറ്റുകളുടെ സമീപത്ത് നിരവധി ആളുകള്‍ താമസിച്ചിരുന്നു. എന്നാല്‍ ഇനി പൊളിക്കുന്ന ഫഌറ്റുകളുടെ സമീപം കാര്യമായി ആളുകള്‍ താമസിക്കുന്നില്ല.
10.30 ന് ആദ്യ സൈറണ്‍ മുഴങ്ങും. 10.55ന് രണ്ടാമത്തെ സൈറണും 10.59ന് മൂന്നാമത്തെ സൈറണും മുഴങ്ങും. മൂന്നാമത്തെ സൈറണ്‍ മുഴങ്ങുന്നതോടെ ജെയ്ന്‍ കോറല്‍കോവ് തകര്‍ന്ന് തരിപ്പണമാകും. ജെയ്ന്‍ കോറല്‍ കോവിനെ ഒരു സ്ഥലത്തേക്ക് ചെരിച്ച് വീഴ്ത്തുന്ന രീതിയിലാകും സ്‌ഫോടനം നടത്തുക.
രണ്ടുമണിക്കാണ് ഗോള്‍ഡന്‍ കായലോരം പൊളിക്കുക. ഈ കെട്ടിടത്തെ രണ്ടായി പിളര്‍ന്നുകൊണ്ട് പൊളിക്കുന്ന വിധമാകും സ്‌ഫോടനം നടത്തുക. ഈ വിധമാണ് അതില്‍ സ്‌ഫോടക വസ്തുക്കള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇതിന് സമീപം പണി പൂര്‍ത്തിയായ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയവും ഒരു അംഗനവാടിയുമുണ്ട്. ഇവയ്ക്ക് പ്രശ്‌നങ്ങളുണ്ടാകാതെ അവശിഷ്ടങ്ങള്‍ കായലിലേക്ക് വീഴാത്ത വിധമാണ് എല്ലാം ആസൂത്രണം ചെയ്തിരിക്കുന്നത്.
കെട്ടിടങ്ങള്‍ തകര്‍ക്കുന്നതുമായി ബന്ധപ്പെട്ട് ദേശീയ പാതയിലടക്കം വാഹന ക്രമീകരണങ്ങള്‍ ഉണ്ടാകും.