വീടുകള്‍ക്ക് കേടുപാടുകള്‍ ഇല്ല, എല്ലാം നടന്നത് നിശ്ചയിച്ച പോലെ; ആദ്യദിന സ്‌ഫോടനം വിജയകരമെന്ന് ജില്ലാ കളക്ടര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th January 2020 01:22 PM |
Last Updated: 11th January 2020 01:22 PM | A+A A- |

കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച ഫ്ളാറ്റുകള്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ക്കുന്ന ആദ്യ ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയതായി ജില്ലാ ഭരണകൂടം. ചുറ്റുമുളള കെട്ടിടങ്ങള്‍ക്കോ വീടുകള്‍ക്കോ കേടുപാടുകളോ, മറ്റു അത്യാഹിതമോ ഒന്നും തന്നെ സംഭവിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ് മാധ്യമങ്ങളോട് പറഞ്ഞു. നിസാര കേടുപാടുകള്‍ മാത്രമാണ് പ്രതീക്ഷിക്കുന്നത്. ചുറ്റുമുളള പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാം തീരുമാനിച്ച പോലെ തന്നെ നടന്നു. ആദ്യ ഫ്ളാറ്റായ എച്ച്ടുഒ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെയാണ് നിലംപൊത്തിയത്.ആല്‍ഫ സെറീന്റെ രണ്ട് അപ്പാര്‍ട്ട്‌മെന്റുകളുടെ കെട്ടിടാവിശിഷ്ടങ്ങളില്‍ ഒരു ഭാഗം കായലില്‍ പതിക്കുന്ന തരത്തിലാണ് സ്‌ഫോടനം തീരുമാനിച്ചിരുന്നത്. ചുറ്റുപാടുമുളള വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കാനാണ് കെട്ടിടാവിശിഷ്ടങ്ങളില്‍ ഒരു ഭാഗം കായലില്‍ വീഴുന്ന രീതിയില്‍ സ്‌ഫോടനം ആസൂത്രണം ചെയ്തത്. കായലില്‍ വീണ കെട്ടിടാവിശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
ഫ്ളാറ്റ് സമുച്ചയം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ആറു സൈറണുകളാണ് നിശ്ചയിച്ചിരുന്നത്.അതില്‍ ചിലത് വൈകി. ആ സമയത്തെ ചില സാഹചര്യങ്ങള്‍ കാരണമാണ് വൈകിയത്. വാഹനങ്ങള്‍ക്ക് അപകടം സംഭവിക്കാതിരിക്കാനും സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായുമാണ് ചില സൈറണുകള്‍ വൈകിയതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാക്കറെ പറഞ്ഞു.