അത്യാഹിതങ്ങളൊന്നും സംഭവിച്ചില്ലെന്ന് ജില്ലാ ഭരണകൂടം; നാശനഷ്ടമില്ല, എല്ലാം തീരുമാനിച്ച പോലെ നടന്നെന്ന് പെസോ ഡപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ വേണുഗോപാല്‍ 

രടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച ഫ്ളാറ്റ് സമുച്ചയങ്ങള്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ക്കുന്നതിന്റെ ആദ്യഘട്ടത്തില്‍ ഇതുവരെ അത്യാഹിതങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് ജില്ലാ ഭരണകൂടം
അത്യാഹിതങ്ങളൊന്നും സംഭവിച്ചില്ലെന്ന് ജില്ലാ ഭരണകൂടം; നാശനഷ്ടമില്ല, എല്ലാം തീരുമാനിച്ച പോലെ നടന്നെന്ന് പെസോ ഡപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ വേണുഗോപാല്‍ 

കൊച്ചി:  മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച ഫ്ളാറ്റ് സമുച്ചയങ്ങള്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ക്കുന്നതിന്റെ ആദ്യഘട്ടത്തില്‍ ഇതുവരെ അത്യാഹിതങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് ജില്ലാ ഭരണകൂടം. ആശങ്കപ്പെടേണ്ട സാഹചര്യം ഒന്നുമില്ലെന്ന് പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ ഡപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ഡോ ആര്‍ വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാം തീരുമാനിച്ച പോലെ പോലെ നടന്നു. നാശനഷ്ടമില്ലെന്നാണ് ലഭിക്കുന്നവിവരമെന്നും അദ്ദേഹം പറഞ്ഞു. മരട് ഫ്ളാറ്റ് നില്‍ക്കുന്ന തൃപ്പൂണിത്തുറ മണ്ഡലത്തിന്റെ എംഎല്‍എയായ എം സ്വരാജും പങ്കുവെച്ചത് ഇക്കാര്യമാണ്. ഇതുവരെയുളള വിവരം അനുസരിച്ച് ആര്‍ക്കും അത്യാഹിതമില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.

അതേസമയം രണ്ടാമത് തകര്‍ത്ത ആല്‍ഫ ഫ്ളാറ്റ് ഉദ്ദേശിച്ച രീതിയില്‍ അല്ല പൊളിഞ്ഞതെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ആല്‍ഫ സെറീനിന്റെ അവശിഷ്ടങ്ങള്‍ ചുറ്റുവട്ടത്തേക്ക് തെറിച്ചു. ഭൂരിഭാഗവും തൊട്ടടുത്ത കായലിലേക്കാണ് വീണതെന്ന രീതിയിലുളള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കെട്ടിടത്തിന്റെ മുകളിലേക്ക് പൊടിപടലങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അടുത്തുളള കെട്ടിടങ്ങള്‍ക്ക് ആഘാതം സംഭവിച്ചിട്ടുണ്ടോയെന്ന് പിന്നീട് മാത്രമേ പറയാന്‍ സാധിക്കൂ. 

ആദ്യം തകര്‍ക്കാന്‍ നിശ്ചയിച്ചിരുന്ന എച്ച് ടു ഒ ഫ്ളാറ്റില്‍ പതിനൊന്നു മണിക്കു നിശ്ചയിച്ചിരുന്ന സ്‌ഫോടനം സാങ്കേതിക പ്രശ്‌നത്തെത്തുടര്‍ന്ന് 17 മിനിറ്റ് വൈകിയാണ് നടന്നത്.  പ്രദേശത്ത് നിരീക്ഷണം നടത്തിക്കൊണ്ടിരുന്ന നേവി ഹെലികോപ്റ്റര്‍ മടങ്ങാന്‍ വൈകിയതാണ് സൈറണ്‍ വൈകാന്‍ കാരണമെന്നാണ് അറിയുന്നത്. മൂന്നാമത്തെ സൈറന്റെ ഒടുവില്‍ നടന്ന സ്‌ഫോടനത്തോടെ പ്രദേശം പൊടിയില്‍ മുങ്ങി. മുന്നറിയിപ്പിന്റെ ഭാഗമായി മൂന്നാം സൈറണ്‍ മുഴക്കി സെക്കന്‍ഡുകള്‍ക്കകമാണ് ആദ്യ ഫ്ളാറ്റായ എച്ച് ടു ഒ ഫഌറ്റ് നിലംപൊത്തിയത്. ഫഌറ്റിന്റെ വീഴ്ചയില്‍ തേവര - കുണ്ടന്നൂര്‍ പാലത്തിന് കേടുപാടുകള്‍ സംഭവിച്ചില്ലെന്നാണ് പ്രാഥമിക നിഗമനം. സമീപ പ്രദേശങ്ങളും സുരക്ഷിതമാണെന്നാണ് ലഭിക്കുന്ന വിവരം. പൊടിപടലം ഉണ്ടെങ്കിലും കെട്ടിടാവിശിഷ്ടങ്ങള്‍ കായലില്‍ പതിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹോളിഫെയ്ത്ത്, ആല്‍ഫഫ്ളാറ്റുകളാണ് ഇന്ന് പൊളിച്ചത്. എച്ച് ടു ഒ പൊളിക്കുന്നതിന് മുന്നോടിയായുളള ആദ്യ സൈറണ്‍ 10.30ന് തന്നെ മുഴക്കിയെങ്കിലും രണ്ടാം സൈറണ്‍ ഏതാനും മിനിറ്റുകള്‍ വൈകി. പ്രദേശത്ത് നിരീക്ഷണം നടത്തിക്കൊണ്ടിരുന്ന നേവി ഹെലികോപ്റ്റര്‍ മടങ്ങാന്‍ വൈകിയതാണ് സൈറണ്‍ വൈകാന്‍ കാരണമെന്നാണ് അറിയുന്നത്. 

രണ്ട് ഫ്‌ളാറ്റുകള്‍ക്കും സമീപത്തുള്ളവരെ ഒഴിപ്പിച്ചു. ഫ്‌ളാറ്റുകളുടെ 200 മീറ്റര്‍ ചുറ്റളവില്‍ രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ചുവരെ നിരോധനാജ്ഞയാണ്.നാളെ രാവിലെ 11ന് ജെയിന്‍ കോറല്‍കോവും രണ്ടുമണിക്ക് ഗോള്‍ഡന്‍ കായലോരവും തകര്‍ക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com