കളിയിക്കാവിള എഎസ്ഐയുടെ കൊലപാതകം; രണ്ട് പേർ കൂടി കസ്റ്റഡിയിൽ; ചോദ്യം ചെയ്യുന്നു

കളിയിക്കാവിളയില്‍ എഎസ്ഐയെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ കൂടി പൊലീസ് കസ്റ്റഡിയിൽ
കളിയിക്കാവിള എഎസ്ഐയുടെ കൊലപാതകം; രണ്ട് പേർ കൂടി കസ്റ്റഡിയിൽ; ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: കളിയിക്കാവിളയില്‍ എഎസ്ഐയെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ കൂടി പൊലീസ് കസ്റ്റഡിയിൽ. ഇടിച്ചക്കപ്ലാമൂട് സ്വദേശികളായ രണ്ട് പേരെയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. എന്നാല്‍ ഇവരുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

എഎസ്ഐ വിൽസന്റെ കൊലപാതകത്തിന് രണ്ട് ദിവസം മുമ്പ് പ്രതികളിലൊരാളായ തൗഫീക്കിന്‍റെ ഫോണിലേക്ക് ഇവരുടെ കോള്‍ പോയതായി കണ്ടെത്തിയ സാഹചര്യത്തിലാണ് പാറശാലയിൽ വച്ച് ഇരുവരേയും കസ്റ്റഡിയില്‍ എടുത്തത്. തമിഴ്നാട്- കേരള പൊലീസ് ഉന്നത ഉദ്യോഗസ്ഥര്‍ ഇവരെ ചോദ്യം ചെയ്യുകയാണ്. 

നേരത്തെ പ്രതികളുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ പാലക്കാട് നിന്ന് കസ്റ്റഡിയില്‍ എടുത്ത രണ്ട് പേരെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. പൊലീസ് ആവശ്യപ്പെട്ടാൽ എപ്പോഴാണെങ്കിലും ഹാജരാകണമെന്ന നിർദേശം നൽകിയാണ് വിട്ടയച്ചത്. ഇന്നലെ പുലർച്ചെയായിരുന്നു പാലക്കാട് നഗരത്തിൽ നിന്ന് ഇവരെ കസ്റ്റഡിയിലെടുത്തത്. പ്രതികളായ അബ്ദുൽ ഷമീം, തൗഫീക്ക് എന്നിവര്‍ക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസും ഇറക്കി. ഇരുവരെയും പിടികൂടാൻ കേരളത്തിലും തമിഴ്നാട്ടിലും പൊലീസ്  വ്യാപക തെരച്ചിൽ  നടത്തുകയാണ്.

എഎസ്ഐ വിൽസന്റെ നെഞ്ചിൽ രണ്ട് വെടിയുണ്ടകളും വയറ്റിൽ ഒരു വെടിയുണ്ടയുമാണ് തുളഞ്ഞു കയറിയത്. കസേരയിലിരുന്ന എഎസ്ഐയെ അടുത്തു നിന്നാണ് അക്രമികള്‍ വെടി വെച്ചത്. എസ്ഐ രഘുബാലാജിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കളിയിക്കാവിള പൊലീസിന്‍റെ എഫ്ഐആർ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com