തർക്കം പരിഹരിക്കാൻ സ്റ്റേഷനിലെത്തി, വനിതാ പൊലീസിനെ മർദിച്ച് യുവതി; കയ്യാങ്കളി, പരിക്ക് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th January 2020 10:57 AM  |  

Last Updated: 11th January 2020 10:57 AM  |   A+A-   |  

POLICE_FIGHT

 

ആലപ്പുഴ: സാമ്പത്തിക ഇടപാടിലുണ്ടായ തർക്കം പരിഹരിക്കാനായി പൊലീസ് സ്റ്റേഷനിലേക്കു എത്തിയ യുവതികളിലൊരാൾ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ മർദിച്ചു. നൂറനാട് സ്റ്റേഷനിലെ സീനിയർ വനിതാ സിവിൽ പൊലീസ് ഓഫിസർ പി രജനി (33)യെയാണ് യുവതി മർദിച്ചത്. കുടശ്ശനാട് സ്വദേശി ഐശ്വര്യ (30)യാണ് പൊലീസ് ഉദ്യോ​ഗസ്ഥയെ മർദിച്ചത്. തുടർന്നുണ്ടായ പിടിവലിയിൽ ഐശ്വര്യയ്ക്കും പരിക്കേറ്റതായി പരാതിയുണ്ട്. ഇരുവരെയും നൂറനാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

അടൂരിലുള്ള സ്വകാര്യ പണമിടപാടു സ്ഥാപനത്തിൽ നിന്ന് ഐശ്വര്യയും സഹോദരിമാരും ചേർന്നെടുത്ത വായ്പ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ് ഇവരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. കമ്പനിയുടെ കലക്‌ഷൻ ഏജന്റുമാർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഐശ്വര്യ ഉൾപ്പെടെ മൂവരെയും സറ്റേഷനിലേക്ക് വിളിപ്പിച്ചത്. ഇവർ സ്റ്റേഷനിൽ നിൽക്കെ യൂണിഫോമിലല്ലാതെ സ്റ്റേഷനിലേക്ക് എത്തിയ രജനി ‘എല്ലാവരും എത്തിയോ’ എന്നു ചോദിച്ചു. അപ്പോഴേക്കും ഐശ്വര്യ രജനിയെ മർദിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. 

ആളറിയാതെ ഉണ്ടായ സംഭവമാണെന്നാണ് ഐശ്വര്യയുടെ വിശദീകരണം. തനിക്കും മർദനമേറ്റെന്നും ഐശ്വര്യ ആരോപിച്ചു. ഇരുവരും കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.ജോലി തടസ്സപ്പെടുത്തിയതിനും മർദിച്ചതിനും  ഐശ്വര്യക്കെതിരെ  കേസെടുത്തതായി പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കൂടുതൽ നടപടിയെടുക്കും.