നെട്ടൂരുകാര്‍ക്ക് ആവേശം, വീടുകള്‍ നിറയെ ബന്ധുക്കള്‍, മേല്‍ക്കൂരകള്‍ ബുക്ക് ചെയ്ത് നാട്ടുകാര്‍

ടെറസുകളില്‍ കസേരയിട്ടും ഷിറ്റ് വലിച്ചുകെട്ടിയും പലരും താത്കാലിക വ്യൂ പോയന്റ് ഒരുക്കിയിട്ടുണ്ട്
ഫോട്ടോ: എ സനേഷ്
ഫോട്ടോ: എ സനേഷ്

കൊച്ചി; ഫ്‌ലാറ്റുകള്‍ പൊളിക്കുന്നത് മരടിനെ ആശങ്കയിലാക്കിയിട്ടുണ്ടെങ്കിലും തൊട്ടടുത്തുള്ള പ്രദേശങ്ങളില്‍ ഓണത്തിന്റെ പ്രതീതിയാണ്. ബന്ധുക്കളേയും സുഹൃത്തുക്കളേയും കൊണ്ട് നിറഞ്ഞിരിക്കുകയാണ് നെട്ടൂരിലേയും മറ്റും വീടുകള്‍. ദൂരസ്ഥലത്ത് ജോലി ചെയ്യുന്നവരും പഠിക്കുന്നവരുമെല്ലാം ഫ്‌ലാറ്റ് പൊളിക്കുന്നത് നേരിട്ടുകാണാനായി വീടുകളില്‍ എത്തിയിട്ടുണ്ട്. മറ്റു ജില്ലകളില്‍ താമസിക്കുന്ന ബന്ധുക്കളെപ്പോലും ചിലര്‍ ചരിത്രനിമിഷം കാണാന്‍ വിളിച്ചുവരുത്തിയിട്ടുണ്ട്.

തൊട്ടടുത്ത് ഇത്ര വലിയ സ്‌ഫോടനം നടന്നിട്ട് കാണാതെ പോകുന്നത് എങ്ങനെയാണ് എന്ന ചിന്തയിലാണ് പ്രദേശവാസികള്‍. ഫ്‌ളാറ്റുകള്‍ക്ക് ഇരുപതുമീറ്റര്‍ ചുറ്റളവിലേ കടുത്ത നിയന്ത്രണമുള്ളൂ. സുരക്ഷിത സ്ഥാനത്തുനിന്ന് കാഴ്ച കാണുന്നതിന് തടസ്സമൊന്നുമില്ല. അതിനാല്‍ ഇരുനൂറുമീറ്റര്‍ അകലെയുള്ള ഉയര്‍ന്ന കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ പലരും നേരത്തെ ബുക്ക് ചെയ്തിരിക്കുകയാണ്.

ഇരുന്നൂറ്മീറ്റര്‍ അകലെയുള്ള കെട്ടിടങ്ങളില്‍ കയറിനില്‍ക്കുന്നതിന് തടസ്സങ്ങളൊന്നുമില്ലെന്ന് അറിയിച്ചിട്ടുള്ളതിനാല്‍ ഇതനുസരിച്ചുള്ള മുന്നൊരുക്കങ്ങളാണ് പല വീടുകളിലും ഒരുക്കിയിട്ടുള്ളത്. ടെറസുകളില്‍ കസേരയിട്ടും ഷിറ്റ് വലിച്ചുകെട്ടിയും പലരും താത്കാലിക വ്യൂ പോയന്റ് ഒരുക്കിയിട്ടുണ്ട്. കാഴ്ച കാണാന്‍ ആയിരക്കണക്കിനുപേര്‍ എത്തുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.

സ്‌ഫോടനം കാണാനെത്തുന്ന ആള്‍ക്കൂട്ടത്തിന് കാഴ്ചകാണാന്‍ സൗകര്യമൊരുക്കില്ലെന്ന് കളക്ടര്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ശനിയാഴ്ച മോക് ഡ്രില്ലിനുശേഷവും അധികൃതര്‍ ഇതുതന്നെ ആവര്‍ത്തിച്ചു. ആവേശമല്ല, പക്വതയോടെയാണ് കാര്യങ്ങളെ സമീപിക്കേണ്ടതെന്ന് ഫ്‌ളാറ്റുകള്‍ക്ക് മുന്നിലെത്തിയ ജനപ്രതിനിധികള്‍ അടക്കമുള്ളവരോട് പോലീസ് അറിയിച്ചു. ഇരുനൂറുമീറ്റര്‍ എന്ന സാങ്കേതികത്വത്തിനും അപ്പുറം കഴിയന്നത്ര സുരക്ഷിത അകലം പാലിക്കണമെന്നാണ് ആവശ്യപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com