പൊലീസ് വേഷത്തില്‍ കള്ളന്‍ എത്തി, ലോട്ടറിക്കാരനെ പറ്റിച്ച് 30000 രൂപയും ഫോണുംകൊണ്ട് മുങ്ങി

By സമകാലിക മലയാളം ഡെസ്‌  |   Published: 11th January 2020 08:37 AM  |  

Last Updated: 11th January 2020 08:37 AM  |   A+A-   |  

THIEF

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്; പൊലീസ് വേഷത്തില്‍ എത്തിയ കള്ളന്‍ ലോട്ടറിക്കാരനില്‍ നിന്ന് കവര്‍ന്നത് 30000 രൂപ. എടവണ്ണ ബസ് സ്റ്റാന്‍ഡിനു സമീപം പ്രവര്‍ത്തിക്കുന്ന ലോട്ടറിക്കടക്കാരന്‍ രഘുവിനെയാണ് വ്യാജ പൊലീസ് പറ്റിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് പരിശോധനയ്‌ക്കെന്നു പറഞ്ഞ് 'കള്ളന്‍ പൊലീസ് 'കടയില്‍ എത്തിയത്.

കടയില്‍ സൂക്ഷിച്ചിരുന്ന 30,000 രൂപയും മൊബൈല്‍ ഫോണും ഇയാള്‍ പിടിച്ചെടുത്തു. തുടര്‍ന്ന് സ്‌റ്റേഷനിലേക്ക് പോകണമെന്നു പറഞ്ഞ് കടയുടെ ഷട്ടര്‍ താഴ്ത്തിയശേഷം രഘുവിനെയും കൊണ്ട് പുറത്തിറങ്ങി. പൊലീസ് വാഹനം കാണാനില്ലെന്നും ഓട്ടോ വിളിക്കാമെന്നും വ്യാജ പൊലീസുകാരന്‍ പറഞ്ഞപ്പോള്‍ കടയുടമ തന്റെ വാഹനം എടുത്തുകൊണ്ടുവരാനായി പോയി.

എന്നാല്‍ രഘു തിരിച്ചെത്തിയപ്പോള്‍ പൊലീസ് ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഒറ്റയ്ക്ക് എടവണ്ണ പൊലീസ് സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് വന്നത് വ്യാജ പൊലീസാണെന്നു മനസ്സിലാക്കിയത്.എടവണ്ണ പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.