വൈകി ആരംഭിച്ച ആദ്യദിന ദൗത്യം; കൃത്യമായി പൊളിച്ചടുക്കി; ആശങ്കയൊഴിഞ്ഞ് പ്രദേശവാസികള്‍

മുന്‍ നിശ്ചയിച്ചതില്‍ നിന്നും അല്‍പം സമയം മാറിയാണ് മരടിലെ ഫ്‌ലാറ്റുകള്‍ പൊളിച്ചതെങ്കിലും നടപടികള്‍ അവസാനിച്ചപ്പോള്‍ പരാതികള്‍ ഒന്നും ഉയര്‍ന്നില്ല എന്നത് ശ്രദ്ധേയമാണ്
വൈകി ആരംഭിച്ച ആദ്യദിന ദൗത്യം; കൃത്യമായി പൊളിച്ചടുക്കി; ആശങ്കയൊഴിഞ്ഞ് പ്രദേശവാസികള്‍

കൊച്ചി: മുന്‍ നിശ്ചയിച്ചതില്‍ നിന്നും അല്‍പം സമയം മാറിയാണ് മരടിലെ ഫ്‌ലാറ്റുകള്‍ പൊളിച്ചതെങ്കിലും നടപടികള്‍ അവസാനിച്ചപ്പോള്‍ പരാതികള്‍ ഒന്നും ഉയര്‍ന്നില്ല എന്നത് ശ്രദ്ധേയമാണ്. ആദ്യ സൈറണ്‍ മുഴങ്ങിയതിന് ശേഷം പത്തുമിനിട്ട് വൈകിയാണ് രണ്ടാമത്തെ സൈറണ്‍ മുഴങ്ങിയത്. നാവികസേനയുടെ സുരക്ഷാ നിരീക്ഷണം അവസാനിക്കാന്‍ അല്‍പം വൈകിയതാണ് സൈറണ്‍ മുഴക്കുന്നതില്‍ സമയവ്യത്യാസം സംഭവിച്ചത്. 

മൂന്നാമത്തെ സൈറണും മുഴക്കിയതോടെ, നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ ഫ്‌ലാറ്റായി എച്ച്ടുഒ ഹോളിഫെയ്ത്ത് മാറി. ഇതിന് പിന്നാലെ നെട്ടൂര്‍ ആല്‍ഫ സെറിന്‍ ഫ്‌ലാറ്റിലും സ്‌ഫോടനം നടത്തി. ഇവിടെ ജനവാസം അധികമായതിനാല്‍ കായലിലേക്ക് ചരിച്ചാണ് ഫ്‌ലാറ്റ് പൊളിച്ചത്. 

എച്ചടുഒ പൊളിച്ചതില്‍ കമ്പനി പറഞ്ഞതുപോലെ തന്നെ സംഭവിച്ചു. 19നില കെട്ടിടം പൊളിച്ചുനീക്കുമ്പോള്‍ ചുറ്റുമതിലിനോ ഗേറ്റിനോ പോലും പോറലേല്‍ക്കില്ല എന്നായിരുന്നു എഡിഫസ് പറഞ്ഞിരുന്നത്. അതുപോലെ തന്നെ നടക്കുകയും ചെയ്തു. തൊട്ടടുത്ത വീടുകളിലേക്കോ കായലിലേക്കോ ഒരു കല്ലുപോലും തെറിച്ചുവീണില്ല. ആശങ്കയിലായിരുന്ന ജനങ്ങള്‍ക്കും സന്തോഷം.

ആല്‍ഫാ സെറീന്റെ കാര്യത്തില്‍ ജനവാസ കേന്ദ്രത്തിലേക്ക് ഫ്‌ലാറ്റ് പൊളിഞ്ഞുവീഴാതിരിക്കാനാണ് കായലിന്റെ ഭാഗത്തേക്ക് സ്‌ഫോടനം നടത്തിയത്. വാട്ടര്‍ ടാങ്കിന്റെയും ചുറ്റുമതിലിന്റെയും ഭാഗങ്ങളാണ് കായലിലേക്ക് പതിച്ചത്. ഇവിടെ ഇതല്ലാതെ മറ്റു വഴികള്‍ ഉണ്ടായിരുന്നില്ല. 

ഫ്‌ലാറ്റുകള്‍ പൊളിച്ചതിന് പിന്നാലെ സുസജ്ജമായിരുന്ന അഗ്നി ശമന സേനാംഗങ്ങളും മറ്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് പൊടി നിയന്ത്രിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഫ്‌ലാറ്റുകള്‍ നിന്നിടത്ത് വലിയ കോണ്‍ക്രീറ്റ് കൂമ്പാരം മാത്രമാണ് ഇപ്പോഴുള്ളത്. എഴുപത് ദിവസത്തിനുള്ളില്‍ അവശിഷ്ടങ്ങള്‍ മാറ്റുമെന്നാണ് അധികൃതര്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com