അത്രമേല്‍ കൃത്യത; പോറല്‍ പോലും ഏല്‍ക്കാതെ അംഗനവാടി
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th January 2020 02:49 PM |
Last Updated: 12th January 2020 02:49 PM | A+A A- |
കൊച്ചി: മരടിലെ ഫ്ലാറ്റുകളില്‍ ഗോല്‍ഡന്‍ കായലോരം സ്‌ഫോടനത്തിലൂടെ തകര്‍ക്കുമ്പോള്‍ എല്ലാവരും ഉറ്റുനോക്കിയത് തൊട്ടടുത്ത അംഗനവാടിയാണ്. ഫ്ലാറ്റിന് രണ്ട് മീറ്റര്‍ മാത്രം അകലത്തിലായിരുന്നു അംഗനവാടി. മരടിലെ ഫ്ലാറ്റുകളില്‍ ഏറ്റവും പഴയക്കമേറിയതും ഗോള്‍ഡന്‍ കായലോരമായിരുന്നു. അതുകൊണ്ടുതന്നെ അതീവജാഗ്രതയോടെയാണ് ഫ്‌ലാറ്റ് പൊളിച്ചുമാറ്റിയത്.
നിശ്ചിത സമയത്തില്‍ നിന്നും 26 മിനുട്ട് വൈകി 1.56 നാണ് ആദ്യ സൈറണ്‍ മുഴങ്ങിയത്. 2.19 ന് രണ്ടാം സൈറണും 2.31 ന് മൂന്നാം സൈറണും മുഴങ്ങി. തൊട്ടുപിന്നാലെ സ്‌ഫോടനം നടന്നു. 17 നിലകളിലായി 40 അപ്പാര്‍ട്ട്‌മെന്റുകളാണ് കായലോരം ഫ്ലാറ്റിലുണ്ടായിരുന്നത്. 14.8 കിലോ സ്‌ഫോടക വസ്തുക്കളാണ് ഗോള്‍ഡന്‍ കായലോരം പൊളിക്കാന്‍ വേണ്ടിവന്നത്.
ഗോള്‍ഡന്‍ കായലോരത്തില്‍ 960 ദ്വാരങ്ങളിലാണ് സ്‌ഫോടകവസ്തുക്കള്‍ നിറച്ചത്. ഈ കെട്ടിടത്തെ രണ്ടായി പിളര്‍ന്നുകൊണ്ട് പൊളിക്കുന്ന വിധമാണ് സ്‌ഫോടനം. ഗോള്‍ഡന്‍ കായലോരത്തിന് സമീപം ഒരു അങ്കണവാടിയും പണി പൂര്‍ത്തിയായ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയവുമുണ്ട്. ഇവയ്ക്ക് പ്രശ്‌നങ്ങളുണ്ടാകാതെ അവശിഷ്ടങ്ങള്‍ കായലിലേക്ക് വീഴാത്ത വിധമാണ് സ്‌ഫോടനം ആസൂത്രണം ചെയ്തത്.
ഫ്ലാറ്റിന് അഞ്ചുമീറ്റര്‍ അടുത്ത് അങ്കണവാടി കെട്ടിടം ഉള്ളതിനാല്‍ പൊളിക്കലിന് ഏറ്റവും വെല്ലുവിളി നേരിട്ടതും ഗോള്‍ഡന്‍ കായലോരത്തിനാണ്. അങ്കണവാടി കെട്ടിടത്തില്‍ പതിക്കാതിരിക്കാനായി കെട്ടിടത്തെ പിളര്‍ത്തിയാണ് പൊളിക്കല്‍. ഒരു വശത്തെ അവശിഷ്ടങ്ങള്‍ 45 ഡിഗ്രിയില്‍ മുന്‍ഭാഗത്തേക്കും, മറ്റേത് 66 ഡിഗ്രിയില്‍ പിന്‍വശത്തേക്കുമാണ് വീഴുന്നത്. കുറച്ചുഭാ?ഗം മധ്യത്തിലും. കെട്ടിടത്തിന്റെ തൂണുകള്‍ക്ക് ശക്തി കുറവായതിനാല്‍ ഏറ്റവും കുറവ് സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കുന്നത്.
7100 ടണ്‍ അവശിഷ്ടങ്ങള്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഫ്ലാറ്റ് പൊളിച്ച വിവരം ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ നാളെ സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. സുപ്രീംകോടതി ഉത്തരവിട്ട മൂന്ന് ഫ്‌ലാറ്റുകള്‍ ഇതിനകം വിജയകരമായി നിലംപരിശാക്കിയിരുന്നു.