കയ്യേറ്റങ്ങൾ 'പൊളിച്ചടുക്കി'; ഗോൾഡൻ കായലോരവും നിലംപൊത്തി ( വീഡിയോ)
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th January 2020 02:35 PM |
Last Updated: 12th January 2020 02:39 PM | A+A A- |

കൊച്ചി : തീരപരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങളിൽ, സുപ്രീംകോടതി പൊളിക്കാൻ ഉത്തരവിട്ട കെട്ടിടങ്ങളിൽ അവശേഷിച്ച ഗോൾഡൻ കായലോരവും നിലംപൊത്തി. ഇതിനായി ആദ്യ സൈറൺ മുഴങ്ങി. നിശ്ചിത സമയത്തിൽ നിന്നും 26 മിനുട്ട് വൈകി 1.56 നാണ് ആദ്യ സൈറൺ മുഴങ്ങിയത്. 2.19 ന് രണ്ടാം സൈറണും 2.31 ന് മൂന്നാം സൈറണും മുഴങ്ങി. തൊട്ടുപിന്നാലെ സ്ഫോടനം നടന്നു. 17 നിലകളിലായി 40 അപ്പാർട്ട്മെന്റുകളാണ് കായലോരം ഫ്ലാറ്റിലുണ്ടായിരുന്നത്. 14.8 കിലോ സ്ഫോടക വസ്തുക്കളാണ് ഗോൾഡൻ കായലോരം പൊളിക്കാൻ വേണ്ടിവന്നത്.
ഗോൾഡൻ കായലോരത്തിൽ 960 ദ്വാരങ്ങളിലാണ് സ്ഫോടകവസ്തുക്കൾ നിറച്ചത്. ഈ കെട്ടിടത്തെ രണ്ടായി പിളര്‍ന്നുകൊണ്ട് പൊളിക്കുന്ന വിധമാണ് സ്‌ഫോടനം. ഗോൾഡൻ കായലോരത്തിന് സമീപം ഒരു അങ്കണവാടിയും പണി പൂര്‍ത്തിയായ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയവുമുണ്ട്. ഇവയ്ക്ക് പ്രശ്‌നങ്ങളുണ്ടാകാതെ അവശിഷ്ടങ്ങള്‍ കായലിലേക്ക് വീഴാത്ത വിധമാണ് സ്ഫോടനം ആസൂത്രണം ചെയ്തത്.
ഫ്ലാറ്റിന് അഞ്ചുമീറ്റർ അടുത്ത് അങ്കണവാടി കെട്ടിടം ഉള്ളതിനാൽ പൊളിക്കലിന് ഏറ്റവും വെല്ലുവിളി നേരിട്ടതും ഗോൾഡൻ കായലോരത്തിനാണ്. അങ്കണവാടി കെട്ടിടത്തിൽ പതിക്കാതിരിക്കാനായി കെട്ടിടത്തെ പിളർത്തിയാണ് പൊളിക്കൽ. ഒരു വശത്തെ അവശിഷ്ടങ്ങൾ 45 ഡിഗ്രിയിൽ മുൻഭാഗത്തേക്കും, മറ്റേത് 66 ഡിഗ്രിയിൽ പിൻവശത്തേക്കുമാണ് വീഴുന്നത്. കുറച്ചുഭാഗം മധ്യത്തിലും. കെട്ടിടത്തിന്റെ തൂണുകൾക്ക് ശക്തി കുറവായതിനാൽ ഏറ്റവും കുറവ് സ്ഫോടക വസ്തുക്കൾ ഉപയോഗിക്കുന്നത്.
7100 ടൺ അവശിഷ്ടങ്ങൾ ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഫ്ലാറ്റ് പൊളിച്ച വിവരം ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ നാളെ സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകും. സുപ്രീംകോടതി ഉത്തരവിട്ട മൂന്ന് ഫ്ലാറ്റുകൾ ഇതിനകം വിജയകരമായി നിലംപരിശാക്കിയിരുന്നു.
#WATCH Maradu flats demolition: Golden Kayalorum apartment demolished through a controlled implosion. All 4 illegal apartment towers have now been demolished. #Kerala pic.twitter.com/TBvHBjuIZR
— ANI (@ANI) January 12, 2020