പൊളിക്കലായിരുന്നു വെല്ലുവിളി, വീടുകള്‍ക്ക് നാശനഷ്ടം ഉണ്ടായാല്‍ സര്‍ക്കാര്‍ സഹായിക്കും; ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് മന്ത്രി
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th January 2020 03:18 PM |
Last Updated: 12th January 2020 03:18 PM | A+A A- |

തിരുവനന്തപുരം: മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച ഫ്ളാറ്റ് സമുച്ചയങ്ങള്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ കുഴപ്പങ്ങള്‍ കൂടാതെ തകര്‍ത്ത ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍. സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ ഉദ്യോഗസ്ഥര്‍ വൃത്തിയായി ദൗത്യം പൂര്‍ത്തിയാക്കിയതായി എ സി മൊയ്തീന്‍ പറഞ്ഞു. സമീപപ്രദേശങ്ങളിലുളള കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ ഒന്നും സംഭവിക്കാതെ സ്‌ഫോടനം പൂര്‍ത്തിയാക്കാന്‍ സാധിച്ചു. കയ്യേറി നിര്‍മ്മിച്ച നാല് ഫ്ളാറ്റുകളും പൊളിച്ചതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിക്ക് റിപ്പോര്‍ട്ട് നല്‍കുന്നതിന് ആവശ്യമായ നടപടികള്‍ ചീഫ് സെക്രട്ടറി സ്വീകരിക്കുമെന്നും എ സി മൊയ്തീന്‍ അറിയിച്ചു.
സമീപ പ്രദേശങ്ങളിലെ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ ഒന്നും സംഭവിക്കാതെ ഫ്ളാറ്റുകള്‍ പൊളിച്ചത് ടീം വര്‍ക്കിന്റെ വിജയമാണ്. സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കി മുന്‍കൂട്ടി നിശ്ചയിച്ചപ്രകാരം ഭംഗിയായാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ആര്‍ക്കും ഒരു നാശനഷ്ടവും സംഭവിച്ചിട്ടില്ലെന്നാണ് മനസ്സിലാക്കുന്നത്. ഏതെങ്കിലും വീടുകള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ വേണ്ട സഹായം നല്‍കുമെന്നും മൊയ്തീന്‍ പറഞ്ഞു.
ഫ്ളാറ്റ് നഷ്ടപ്പെട്ടവര്‍ക്ക് സുപ്രീംകോടതി നിര്‍ദേശപ്രകാരമുളള നടപടികള്‍ സ്വീകരിക്കും. കെട്ടിടങ്ങള്‍ പൊളിച്ച സ്ഥിതിക്ക്, ഇനി അവിശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിന് ആവശ്യമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു.
ഫ്ളാറ്റ് പൊളിക്കുന്നതാണ് വെല്ലുവിളിയായിരുന്നത്. ഇത് പരിഹരിച്ചു. അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നത് ഉള്‍പ്പെടെയുളള കാര്യങ്ങള്‍ വലിയ പ്രതിസന്ധിയായി കാണുന്നില്ലെന്നും മന്ത്രി പറഞ്ഞു.