'ഭൂമി കുലുങ്ങി'; പ്ലാന്‍ ചെയ്തതുപൊലെ അപകടരഹിതമായി സ്‌ഫോടനം നടന്നെന്ന് എം സ്വരാജ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th January 2020 11:46 AM  |  

Last Updated: 12th January 2020 11:46 AM  |   A+A-   |  

 


കൊച്ചി: മരടിലെ ജെയിന്‍ കോറല്‍ കോവ് മുന്‍കൂട്ടി ആസൂത്രണം ചെയ്തതുപോലെ അപകടരഹിതമായി പൊളിച്ചുമാറ്റാനായെന്ന് എംഎല്‍എ എം സ്വരാജ്. എന്നാല്‍ ഇന്നലെത്തതില്‍ നിന്ന് വ്യത്യസ്തമായി ഭുമിക്ക് വൈബ്രേഷന്‍ ഉണ്ടായതായി അനുഭവപ്പെട്ടെന്ന് എം സ്വരാജ് പറഞ്ഞു. എന്നാല്‍  സമീപത്തെ കെട്ടിടങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.

വൈബ്രേഷന്‍ രൂപപ്പെട്ടത് ഇവിടുത്തെ മണ്ണിന്റെ പ്രത്യേകതകൊണ്ടാവാമെന്നും സ്വരാജ് പറഞ്ഞു. എല്ലാ കൃത്യമായി നടന്നെന്നും പൊലീസും പറഞ്ഞു. 

രാവിലെ 11.03 നാണ് സ്‌ഫോടനം നടന്നത്. മഴ ചെരിഞ്ഞിറങ്ങുന്നതുപോലെ ജെയിന്‍ കോറല്‍കോവ് ഫ്‌ലാറ്റ് സമുച്ചയം മണ്ണടിഞ്ഞു. ഇതോടെ 17 നിലകളിലുള്ള ഫ്‌ലാറ്റ് സമുച്ചയം വെറും കോണ്‍ക്രീറ്റ് കൂമ്പാരമായി മാറി. രാവിലെ 10.30 ന് ആദ്യ സൈറണ്‍ മുഴങ്ങി. രണ്ടാമത്തെ സൈറണ്‍ 10.55 നും മൂന്നാമത്തെ സൈറണ്‍ 10.59 നും മുഴങ്ങി. പിന്നാലെയായിരുന്നു സ്‌ഫോടനം. രാവിലെ തന്നെ പ്രദേശത്തെ സമീപവാസികളെയെല്ലാം ഒഴിപ്പിച്ചിരുന്നു. പ്രദേശത്ത് രാവിലെ എട്ടു മുതല്‍ വൈകുന്നേരം നാലു വരെ നിരോധാനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

മരടിലെ പൊളിക്കുന്ന ഫ്‌ലാറ്റുകളിലെ ഏറ്റവും വലിയ ഫ്‌ലാറ്റ് സമുച്ചയമാണ് ജെയിന്‍ കോറല്‍ കോവ്.  ജെയിന്‍ കോറല്‍കോവ് പൊളിക്കാന്‍ 400 കിലോ സ്‌ഫോടകവസ്തുക്കളാണ് ഉപയോഗിച്ചത്. ഫ്‌ലാറ്റില്‍ ഒന്ന്, മൂന്ന്, ആറ്, 11, 14 നിലകളിലാണ് സ്‌ഫോടക വസ്തുക്കള്‍ നിറച്ചിരുന്നത്. ഫ്‌ലാറ്റ് പൊളിക്കാന്‍ കരാറെടുത്തിരിക്കുന്ന ജെറ്റ് ഡെമോളിഷന്‍ കമ്പനി വിദഗ്ദര്‍ തുടര്‍ന്ന് ജെയ്ന്‍ കോറല്‍ കോവിലെ ക്രമീകരണങ്ങള്‍ അവസാന നിമിഷം വീണ്ടും വിലയിരുത്തി ഉറപ്പുവരുത്തിയിരുന്നു.

ജെയിന്‍ കോറല്‍കോവില്‍ 16 നിലകളിലായി 125 അപാര്‍ട്‌മെന്റുകളാണ് ഉള്ളത്. ഇതിന് 50 മീറ്റര്‍ ഉയരമുണ്ട്.  ഈ ഫ്‌ലാറ്റ് കെട്ടിടത്തിന്റെ 200 മീ ചുറ്റളവില്‍ ആകെയുള്ളത് നാല് വീടുകള്‍ മാത്രമാണെന്നത് സ്‌ഫോടനത്തിന്റെ വെല്ലുവിളി കുറച്ചിരുന്നു. എന്നാല്‍ കായലിനോട് ചേര്‍ന്ന് കിടക്കുന്ന ഫ്‌ലാറ്റ് കെട്ടിടം തകര്‍ക്കുമ്പോള്‍ അവശിഷ്ടങ്ങള്‍ കായലിലേക്ക് വീഴാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുകയും ചെയ്തിരുന്നു.  ഇതിനായി ഫ്‌ലാറ്റ് കെട്ടിടത്തോട് ചേര്‍ന്ന് നിലനിന്നിരുന്ന കാര്‍ പാര്‍ക്കിങ് ഏരിയ പൊളിച്ച് ഈ ഭാഗം തുറസായ സ്ഥലമാക്കി മാറ്റിയിരുന്നു.