ആസൂത്രണം നെയ്യാറ്റിന്‍കരയില്‍?; പ്രതികള്‍ നഗരത്തില്‍ ബാഗ് ഉപേക്ഷിച്ച് കടന്നു, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്, എഎസ്‌ഐയുടെ കൊലപാതകത്തില്‍ വഴിത്തിരിവ്

കളിയിക്കാവിളയില്‍ എഎസ്‌ഐയെ വെടിവെച്ച് കൊന്ന കേസില്‍ വഴിത്തിരിവ്
ആസൂത്രണം നെയ്യാറ്റിന്‍കരയില്‍?; പ്രതികള്‍ നഗരത്തില്‍ ബാഗ് ഉപേക്ഷിച്ച് കടന്നു, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്, എഎസ്‌ഐയുടെ കൊലപാതകത്തില്‍ വഴിത്തിരിവ്

തിരുവനന്തപുരം: കളിയിക്കാവിളയില്‍ എഎസ്‌ഐയെ വെടിവെച്ച് കൊന്ന കേസില്‍ വഴിത്തിരിവ്. കേസിലെ മുഖ്യപ്രതികളുടെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കൊലപാതകം നടത്തിയ ദിവസം പ്രതികള്‍ നെയ്യാറ്റിന്‍കരയില്‍ എത്തി നഗരത്തില്‍ ഒരു ബാഗ് ഉപേക്ഷിക്കുന്നതിന്റെ ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. കേരള തമിഴ്‌നാട് പൊലീസ് ദൃശ്യം പരിശോധിക്കുകയാണ്. 

എഎസ്‌ഐയെ വധിക്കാന്‍ കേരളത്തില്‍ നിന്നാണ് പ്രതികള്‍ വന്നതെന്ന തമിഴ്‌നാട് പൊലീസിന്റെ സംശയങ്ങള്‍ക്ക് ബലം നല്‍കുന്നതാണ് സിസിടിവി ദൃശ്യങ്ങള്‍. എഎസ്‌ഐയെ വധിക്കുന്നതിന് മുന്‍പ് നെയ്യാറ്റിന്‍കര നഗരത്തിലൂടെ മുഖ്യ പ്രതികളായ തൗഫീക്കും ഷെമീമും  നടന്നുപോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. ഇവരുടെ കൈവശം ഒരു ബാഗ് ഉണ്ട്. ഇത് അവിടെ ഉപേക്ഷിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. 

എഎസ്ഐയുടെ വധവുമായി ബന്ധപ്പെട്ട ആസൂത്രണം നെയ്യാറ്റിന്‍കരയിലോ വിതുരയിലോ വച്ചായിരിക്കാം നടന്നതെന്ന സംശയത്തിലാണ് പൊലീസ്. ഇതിന് കൂടുതല്‍ ബലം നല്‍കുന്നതാണ് സിസിടിവി ദൃശ്യങ്ങള്‍. സിസിടിവി ദൃശ്യങ്ങള്‍ കേരള പൊലീസും തമിഴ്‌നാട് പൊലീസും സംയുക്തമായി പരിശോധിച്ചുവരികയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം ജില്ലയില്‍ പ്രതികള്‍ക്കായുളള തെരച്ചില്‍ വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്.

അതേസമയം മുഖ്യപ്രതികളിലൊരാളായ തൗഫീക്കുമായി അടുത്ത ബന്ധമുണ്ടെന്ന് സംശയിക്കുന്ന 3 പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. തിരുനെല്‍വേലിയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. കൊലപാതകത്തിന് മുമ്പ് തൗഫീക്ക് ഇവരുമായി നിരന്തരം ഫോണില്‍ വിളിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കൊലയ്ക്ക് മുമ്പ് കളിയിക്കാവിളയിലെത്തിയ തൗഫീക്കിന് വേണ്ട സൗകര്യങ്ങള്‍ ഇവര്‍ ഒരുക്കി നല്‍കിയെന്നും പൊലീസ് വ്യക്തമാക്കുന്നു. തൗഫീക്കും അബ്ദുള്‍ ഷെമീമും ഉള്‍പ്പെട്ട തീവ്രവാദ സ്വഭാവമുള്ള സംഘടനയുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്നും സംശയിക്കുന്നുണ്ട്. 

നേരത്തെ തിരുവനന്തപുരം പൂന്തുറ സ്വദേശിയായ ഒരാളെയും പാലക്കാട് മേപ്പറമ്പ് സ്വദേശികളായ രണ്ടു പേരെയും തമിഴ്‌നാട് ക്യൂബ്രാഞ്ച് പിടികൂടിയിരുന്നു. അതേസമയം പ്രതികളെകുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് തമിഴ്‌നാട് പൊലീസ് ഏഴുലക്ഷം പാരിതോഷികം പ്രഖ്യാപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com