ഒത്തുതീര്‍പ്പു വേണ്ട ; ഗ്രൂപ്പുകളുടെ സമവായ പട്ടിക തള്ളി; യൂത്ത് കോണ്‍ഗ്രസ് പുനഃസംഘടന വീണ്ടും അനിശ്ചിതത്വത്തില്‍

സംസ്ഥാനഘടകം സമര്‍പ്പിച്ച പട്ടിക അംഗീകരിക്കാനാവില്ലെന്ന് ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ അഖിലേന്ത്യാ നേതൃത്വം തീര്‍ത്തുപറഞ്ഞു
ഒത്തുതീര്‍പ്പു വേണ്ട ; ഗ്രൂപ്പുകളുടെ സമവായ പട്ടിക തള്ളി; യൂത്ത് കോണ്‍ഗ്രസ് പുനഃസംഘടന വീണ്ടും അനിശ്ചിതത്വത്തില്‍

തിരുവനന്തപുരം: സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് പുനഃസംഘടന വീണ്ടും അനിശ്ചിതത്വത്തിലായി. ഗ്രൂപ്പുകള്‍ മുന്നോട്ടുവെച്ച പട്ടിക കേന്ദ്രനേതൃത്വം തള്ളിയതോടെയാണ് പുനഃസംഘടന പ്രതിസന്ധിയിലായത്. ഇതോടെ, കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ഇന്ന് ഡല്‍ഹിയിലെത്തുന്ന മുതിര്‍ന്ന നേതാക്കളില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് യൂത്ത് നേതാക്കള്‍.

ഷാഫി പറമ്പില്‍ എംഎല്‍എയെ സംസ്ഥാന പ്രസിഡന്റായും കെഎസ് ശബരീനാഥന്‍ എംഎല്‍എ അടക്കം നാല് പേരെ വൈസ് പ്രസിഡന്റുമാരായും നിര്‍ദ്ദേശിച്ചുള്ള ഒത്തുതീര്‍പ്പ് ഫോര്‍മുലയാണ് കേരളത്തിലെ ഗ്രൂപ്പുകള്‍ അഖിലേന്ത്യാ നേതൃത്വത്തിന് നല്‍കിയത്. എന്നാല്‍ ഇത് കേന്ദ്രനേതൃത്വം തള്ളി. സംഘടനാ തെരഞ്ഞെടുപ്പ് ഒഴിവാക്കി സമവായ ഫോര്‍മുല അംഗീകരിക്കണമെന്ന സംസ്ഥാന ഘടകത്തിന്റെ ആവശ്യം അഖിലേന്ത്യാ നേതൃത്വം വീണ്ടും നിരാകരിച്ചു.

സംസ്ഥാനഘടകം സമര്‍പ്പിച്ച പട്ടിക അംഗീകരിക്കാനാവില്ലെന്ന് ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ അഖിലേന്ത്യാ നേതൃത്വം തീര്‍ത്തുപറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് എംപി, ഹൈബി ഈഡന്‍ എംപി, ഷാഫി പറമ്പില്‍ എംഎല്‍എ, സിആര്‍ മഹേഷ് എന്നിവരാണ് ഡല്‍ഹിയില്‍ സംസ്ഥാന ഘടകത്തെ പ്രതിനിധീകരിച്ച് അഖിലേന്ത്യാ നേതൃത്വവുമായി ചര്‍ച്ച നടത്തിയത്. യൂത്ത് കോണ്‍ഗ്രസ് ചുമതലയുള്ള എഐസിസി ജോയിന്റ് സെക്രട്ടറി കൃഷ്ണ അല്ലവുരു, യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ അദ്ധ്യക്ഷന്‍ പി ബി ശ്രീനിവാസ്, സംഘടനാചുമതലയുള്ള ജനറല്‍സെക്രട്ടറി രവീന്ദ്രദാസ് എന്നിവരുമായിട്ടായിരുന്നു ചര്‍ച്ച.

ശബരീനാഥിന് പുറമേ, എന്‍ എസ് നുസൂര്‍, വിദ്യാ ബാലകൃഷ്ണന്‍, പ്രേംരാജ് എന്നിവരെയാണ് വൈസ് പ്രസിഡന്റുമാരായി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ തന്നെ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന കര്‍ശന നിലപാടിലാണ് അഖിലേന്ത്യാ നേതാക്കള്‍. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വം വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാത്ത സാഹചര്യത്തില്‍ ഹൈക്കമാന്‍ഡ് ഇടപെട്ട് തീര്‍പ്പാക്കണമെന്ന നിലപാടാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്. സോണിയയുമായുള്ള കൂടിക്കാഴ്ചയില്‍ ഈ അഭ്യര്‍ത്ഥന അവര്‍ വച്ചേക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com