കേരളം ന്യൂനപക്ഷങ്ങളുടെ സുരക്ഷിത കോട്ട; ആര്‍എസ്എസിന്റെ ഉള്ളിലിരിപ്പ് നടപ്പാക്കാനല്ല കേരള സര്‍ക്കാര്‍: മുഖ്യമന്ത്രി

ജനസംഖ്യാ രജിസ്റ്റര്‍ ചതിക്കുഴിയാണെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍.  
കേരളം ന്യൂനപക്ഷങ്ങളുടെ സുരക്ഷിത കോട്ട; ആര്‍എസ്എസിന്റെ ഉള്ളിലിരിപ്പ് നടപ്പാക്കാനല്ല കേരള സര്‍ക്കാര്‍: മുഖ്യമന്ത്രി

കോഴിക്കോട്: ജനസംഖ്യാ രജിസ്റ്റര്‍ ചതിക്കുഴിയാണെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍.  ജനസംഖ്യാ റജിസ്റ്റര്‍  തയാറാക്കിയാലെ പൗരത്വ റജിസ്റ്റര്‍ തയാറാക്കാന്‍ കഴിയൂ. സെന്‍സസും  ജനസംഖ്യ രജിസ്റ്ററും തമ്മില്‍ വ്യത്യാസമുള്ളതുകൊണ്ടാണ്  എന്‍ ആര്‍ സി കേരളത്തില്‍ നടപ്പാക്കില്ലെന്ന് പറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിം ന്യൂനപക്ഷത്തിന്റെ സുരക്ഷിത കോട്ടയാണ് കേരളം. ഇവിടെ ഒരു സംഘപരിവാര്‍ ഭീഷണിയും വിലപ്പോവില്ല. വര്‍ഗ്ഗീവാദികളെയും തീവ്രവാദ ശക്തികളെയും മാത്രമാണ് നമ്മള്‍ മാറ്റി നിര്‍ത്തുന്നതെന്നും പിണറായി പറഞ്ഞു.ഭരണഘടനാ സംരക്ഷണ മഹാ റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

നമ്മള്‍ ഒരുമിച്ച് നിന്നാല്‍ പൗരത്വ നിയമ ഭേദഗതി റദ്ദാക്കേണ്ടി വരും. സെന്‍സസിനപ്പുറം ഒരു സെന്റിമീറ്റര്‍ പോലും സര്‍ക്കാര്‍ മുന്നോട്ടു പോകില്ല. നാം സുരക്ഷിത കോട്ടയിലാണ് കഴിയുന്നത്. ഒരു തരത്തിലുള്ള ഭീഷണിയും നമ്മുടെ നാട്ടില്‍ ചെലവാകില്ല. ഒരുമയാണ് നമ്മുടെ കരുത്തെന്നും ആരും ആശങ്കപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മോദി സര്‍ക്കാര്‍ ആര്‍എസ്എസ് നയമാണ് നടപ്പാക്കുന്നത്. ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നത് ആര്‍എസ്എസ് അജണ്ടയാണ്. ഒരു വിഭാഗത്തെ പൗരത്വത്തില്‍ നിന്ന് എങ്ങനെ ഒഴിവാക്കാം എന്നതാണ് ഇവരുടെ ലക്ഷ്യം.ആര്‍എസ്എസിന്റെ ഉള്ളിലിരിക്കുന്നത് നടപ്പാക്കാനല്ല കേരളത്തിലെ സര്‍ക്കാര്‍. ഭരണഘടനയെ തകര്‍ക്കാനുള്ള ശ്രമം പാര്‍ലമെന്റിന് ഉള്ളില്‍ തന്നെ നടക്കുകയാണെന്നും സ്വാതന്ത്ര സമരത്തില്‍ പങ്കെടുക്കാത്ത ആര്‍എസ്എസിന് ഭരണഘടനയോട് പുച്ഛമാണെന്നും പിണറായി വിജയന്‍ പറഞ്ഞു. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഒരു നടപടിയും സ്വീകരിക്കില്ല. വീട് കയറിയുള്ള ഒരു കണക്കെടുപ്പും ഇതിന്റെ ഭാഗമായി നടപ്പാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com