'മിഷൻ കംപ്ലീറ്റഡ്' ; ​ഗോൾഡൻ കായലോരവും നിലംപൊത്തി ( വീഡിയോ)

രണ്ട് മീറ്റർ അടുത്തായി സ്ഥിതി ചെയ്യുന്ന അങ്കണവാടിക്ക് ഒരു പോറൽ പോലും ഏൽക്കാതെയാണ് ​ഗോൾഡൻ കായലോരം തകർത്തത്
'മിഷൻ കംപ്ലീറ്റഡ്' ; ​ഗോൾഡൻ കായലോരവും നിലംപൊത്തി ( വീഡിയോ)

കൊച്ചി : തീരപരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങളിൽ, സുപ്രീംകോടതി പൊളിക്കാൻ ഉത്തരവിട്ട കെട്ടിടങ്ങളിൽ അവശേഷിച്ച ​ഗോൾഡൻ കായലോരവും നിലംപൊത്തി. നിശ്ചിത സമയത്തിനും അരമണിക്കൂർ വൈകിയാണ് ​ഗോൾഡൻ കായലോരം തകർത്തത്. സുരക്ഷാ ക്രമീകരണങ്ങൾ മൂലമാണ് സ്ഫോടനം വൈകിയത്. നേരത്തെ രണ്ട് മണിക്ക് സ്ഫോടനം നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്.

രണ്ട് മീറ്റർ അടുത്തായി സ്ഥിതി ചെയ്യുന്ന അങ്കണവാടിക്ക് ഒരു പോറൽ പോലും ഏൽക്കാതെയാണ് ​ഗോൾഡൻ കായലോരം തകർത്തത്. ഇതോടെ സുപ്രീംകോടതി നിർദേശിച്ച മരടിലെ അനധികൃത കെട്ടിടങ്ങളായ നാലു ഫ്ലാറ്റുകളും വിജയകരമായി തകർത്തു. നേരത്തെ നിശ്ചയിച്ച സമയത്തിൽ നിന്നും 26 മിനുട്ട് വൈകി 1.56 നാണ് ​ഗോൾഡൻ കായലോരം പൊളിക്കാനുള്ള ആദ്യ സൈറൺ മുഴങ്ങിയത്. 2.19 ന് രണ്ടാം സൈറണും 2.31 ന് മൂന്നാം സൈറണും മുഴങ്ങി. തൊട്ടുപിന്നാലെ സ്ഫോടനം നടന്നു. 17 നിലകളിലായി 40 അപ്പാർട്ട്മെന്റുകളാണ് കായലോരം ഫ്ലാറ്റിലുണ്ടായിരുന്നത്. 14.8 കിലോ സ്ഫോടക വസ്തുക്കളാണ് ​ഗോൾഡൻ കായലോരം പൊളിക്കാൻ വേണ്ടിവന്നത്.​ഗോൾഡൻ കായലോരത്തിൽ 960 ദ്വാരങ്ങളിലാണ് സ്ഫോടകവസ്തുക്കൾ നിറച്ചത്.

ഫ്ലാറ്റിന് രണ്ടുമീറ്റർ അടുത്ത് അങ്കണവാടി കെട്ടിടം ഉള്ളതിനാൽ പൊളിക്കലിന് ഏറ്റവും വെല്ലുവിളി നേരിട്ടതും ​ഗോൾഡൻ കായലോരത്തിനാണ്.  ഒരു വശത്തെ അവശിഷ്ടങ്ങൾ 45 ഡി​ഗ്രിയിൽ മുൻഭാ​ഗത്തേക്കും, മറ്റേത് 66 ഡി​ഗ്രിയിൽ പിൻവശത്തേക്കും വീഴുന്ന തരത്തിലായിരുന്നു പൊളിക്കൽ. 7100 ടൺ അവശിഷ്ടങ്ങൾ ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഫ്ലാറ്റ് പൊളിച്ച വിവരം ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ നാളെ സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകും. സുപ്രീംകോടതി ഉത്തരവിട്ട മൂന്ന് ഫ്ലാറ്റുകൾ ഇതിനകം വിജയകരമായി നിലംപരിശാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com