'വിധി കാത്ത്' ഇനി ​ഗോൾഡൻ കായലോരം ; സ്ഫോടനം ഉച്ചയ്ക്ക് രണ്ടിന് ; കനത്ത വെല്ലുവിളി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th January 2020 12:05 PM  |  

Last Updated: 12th January 2020 12:05 PM  |   A+A-   |  

 

കൊച്ചി : തീരപരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങളിൽ, സുപ്രീംകോടതി പൊളിക്കാൻ ഉത്തരവിട്ട കെട്ടിടങ്ങളിൽ ഇനി അനശേഷിക്കുന്നത് ​ഗോൾഡൻ കായലോരം മാത്രം. ഉച്ചയ്ക്ക് രണ്ട് മണിയ്ക്കാണ് ​ഗോൾഡൻ കായലോരം പൊളിക്കാൻ തീരുമാനിച്ചത്. 17 നിലകളിലായി 40 അപ്പാർട്ട്മെന്റുകളാണ് കായലോരം ഫ്ലാറ്റിലുള്ളത്. 14.8 കിലോ സ്ഫോടക വസ്തുക്കളാണ് ​ഗോൾഡൻ കായലോരം പൊളിക്കാൻ വേണ്ടത്.

​ഗോൾഡൻ കായലോരത്തിൽ 960 ദ്വാരങ്ങളിലാണ് സ്ഫോടകവസ്തുക്കൾ നിറച്ചിരിക്കുന്നത്. ഈ കെട്ടിടത്തെ രണ്ടായി പിളര്‍ന്നുകൊണ്ട് പൊളിക്കുന്ന വിധമാകും സ്‌ഫോടനം നടത്തുക. ഗോൾഡൻ കായലോരത്തിന് സമീപം ഒരു അങ്കണവാടിയും പണി പൂര്‍ത്തിയായ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയവുമുണ്ട്. ഇവയ്ക്ക് പ്രശ്‌നങ്ങളുണ്ടാകാതെ അവശിഷ്ടങ്ങള്‍ കായലിലേക്ക് വീഴാത്ത വിധമാണ് സ്ഫോടനം ആസൂത്രണം ചെയ്തിരിക്കുന്നത്.

ഫ്ലാറ്റിന് അഞ്ചുമീറ്റർ അടുത്ത് അങ്കണവാടി കെട്ടിടം ഉള്ളതിനാൽ പൊളിക്കലിന് ഏറ്റവും വെല്ലുവിളി നേരിടുന്നതും ​ഗോൾഡൻ കായലോരത്തിനാണ്. അങ്കണവാടി കെട്ടിടത്തിൽ പതിക്കാതിരിക്കാനായി കെട്ടിടത്തെ പിളർത്തിയാണ് പൊളിക്കുക. ഒരു വശത്തെ അവശിഷ്ടങ്ങൾ 45 ഡി​ഗ്രിയിൽ മുൻഭാ​ഗത്തേക്കും, മറ്റേത് 66 ഡി​ഗ്രിയിൽ പിൻവശത്തേക്കും വീഴും. കുറച്ചുഭാ​ഗം മധ്യത്തിലും. കെട്ടിടത്തിന്റെ തൂണുകൾക്ക് ശക്തി കുറവായതിനാൽ ഏറ്റവും കുറവ് സ്ഫോടക വസ്തുക്കൾ ഉപയോ​ഗിക്കുന്നത്.

7100 ടൺ അവശിഷ്ടങ്ങൾ ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഫ്ലാറ്റ് പൊളിച്ച വിവരം ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ നാളെ സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകും. സുപ്രീംകോടതി ഉത്തരവിട്ട മൂന്ന് ഫ്ലാറ്റുകൾ ഇതിനകം വിജയകരമായി നിലംപരിശാക്കിയിരുന്നു.