വെറും ഒന്‍പത് സെക്കന്‍ഡ്; 17 നില 'ഭൂം'; കോണ്‍ക്രീറ്റ് കൂമ്പാരം

നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്ത മരടിലെ ജെയിന്‍ കോറല്‍ കോവിലെ കെട്ടിടാവിശിഷ്ടങ്ങള്‍ കായലില്‍ വീണില്ല
വെറും ഒന്‍പത് സെക്കന്‍ഡ്; 17 നില 'ഭൂം'; കോണ്‍ക്രീറ്റ് കൂമ്പാരം

കൊച്ചി: നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്ത മരടിലെ ജെയിന്‍ കോറല്‍ കോവിലെ കെട്ടിടാവിശിഷ്ടങ്ങള്‍ കായലില്‍ വീണില്ല. കായലില്‍ വീഴാതെ കെട്ടിടം നിന്നിരുന്ന സ്ഥലത്ത് തന്നെയാണ് കെട്ടിടാവിശിഷ്ടങ്ങള്‍ തകര്‍ന്നുവീണത്. 17 നിലയുളള കെട്ടിടം തകരാന്‍ ഒന്‍പത് സെക്കന്‍ഡ് മാത്രമാണ് എടുത്തത്. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന തുടങ്ങി.

രാവിലെ 11.03 നാണ് സ്‌ഫോടനം നടന്നത്. മഴ ചെരിഞ്ഞിറങ്ങുന്നതുപോലെ ജെയിന്‍ കോറല്‍കോവ് ഫ്‌ലാറ്റ് സമുച്ചയം മണ്ണടിഞ്ഞു. ഇതോടെ 17 നിലകളിലുള്ള ഫ്‌ലാറ്റ് സമുച്ചയം വെറും കോണ്‍ക്രീറ്റ് കൂമ്പാരമായി മാറി. രാവിലെ 10.30 ന് ആദ്യ സൈറണ്‍ മുഴങ്ങി. രണ്ടാമത്തെ സൈറണ്‍ 10.55 നും മൂന്നാമത്തെ സൈറണ്‍ 10.59 നും മുഴങ്ങി. പിന്നാലെയായിരുന്നു സ്‌ഫോടനം. രാവിലെ തന്നെ പ്രദേശത്തെ സമീപവാസികളെയെല്ലാം ഒഴിപ്പിച്ചിരുന്നു. പ്രദേശത്ത് രാവിലെ എട്ടു മുതല്‍ വൈകുന്നേരം നാലു വരെ നിരോധാനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

മരടിലെ പൊളിക്കുന്ന ഫ്‌ലാറ്റുകളിലെ ഏറ്റവും വലിയ ഫ്‌ലാറ്റ് സമുച്ചയമാണ് ജെയിന്‍ കോറല്‍ കോവ്.  ജെയിന്‍ കോറല്‍കോവില്‍ 400 കിലോ സ്‌ഫോടകവസ്തുക്കളാണ് ഉപയോഗിച്ചത്‌.ഫ്‌ലാറ്റ് പൊളിക്കാന്‍ കരാറെടുത്തിരിക്കുന്ന ജെറ്റ് ഡെമോളിഷന്‍ കമ്പനി വിദഗ്ദര്‍ തുടര്‍ന്ന് ജെയ്ന്‍ കോറല്‍ കോവിലെ ക്രമീകരണങ്ങള്‍ അവസാന നിമിഷം വീണ്ടും വിലയിരുത്തി ഉറപ്പുവരുത്തിയിരുന്നു.

ജെയിന്‍ കോറല്‍കോവില്‍ 17 നിലകളിലായി 125 അപാര്‍ട്‌മെന്റുകളാണ് ഉള്ളത്. ഇതിന് 50 മീറ്റര്‍ ഉയരമുണ്ട്.  ഈ ഫ്‌ലാറ്റ് കെട്ടിടത്തിന്റെ 200 മീ ചുറ്റളവില്‍ ആകെയുള്ളത് നാല് വീടുകള്‍ മാത്രമാണെന്നത് സ്‌ഫോടനത്തിന്റെ വെല്ലുവിളി കുറച്ചിരുന്നു. എന്നാല്‍ കായലിനോട് ചേര്‍ന്ന് കിടക്കുന്ന ഫ്‌ലാറ്റ് കെട്ടിടം തകര്‍ക്കുമ്പോള്‍ അവശിഷ്ടങ്ങള്‍ കായലിലേക്ക് വീഴാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുകയും ചെയ്തിരുന്നു.  ഇതിനായി ഫ്‌ലാറ്റ് കെട്ടിടത്തോട് ചേര്‍ന്ന് നിലനിന്നിരുന്ന കാര്‍ പാര്‍ക്കിങ് ഏരിയ പൊളിച്ച് ഈ ഭാഗം തുറസായ സ്ഥലമാക്കി മാറ്റിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com