തദ്ദേശ തെരഞ്ഞെടുപ്പ് 2015ലെ വോട്ടര്‍ പട്ടിക ഉപയോഗിച്ചുതന്നെ; വീണ്ടും പേര് ചേര്‍ക്കേണ്ടിവരും, രാഷ്ട്രീയ പാര്‍ട്ടികളുടെ എതിര്‍പ്പ് തള്ളി കമ്മീഷന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th January 2020 04:49 PM |
Last Updated: 13th January 2020 04:49 PM | A+A A- |

തിരുവനന്തപുരം: ഈ വര്‍ഷം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് 2015ലെ വോട്ടര്‍ പട്ടിക തന്നെ ഉപയോഗിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍. തദ്ദേശ തെരഞ്ഞെടുപ്പിനായി 2019ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കണമെന്ന എല്‍ഡിഎഫിന്റേയും യുഡിഎഫിന്റേയും ആവശ്യം പരിഗണിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും വി ഭാസ്‌കരന്‍ വ്യക്തമാക്കി. ഇതോടെ 2015ന് ശേഷം 18 വയസ് പൂര്‍ത്തിയായവരെല്ലാം വീണ്ടും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷ നല്‍കേണ്ടി വരും. നിയമസഭ, ലോക്‌സഭ തെരഞ്ഞെടുപ്പുകളില്‍ വോട്ടു ചെയ്തവരുടെ പേരുകള്‍ തദ്ദേശതെരഞ്ഞെടുപ്പിനുള്ള പട്ടികയിലുണ്ടോ എന്ന് ഉറപ്പാക്കണം.
2019ലെ പട്ടിക അടിസ്ഥാനമാക്കി വോട്ടര്‍ പട്ടിക പുതുക്കാന്‍ 10 കോടിയോളം രൂപ വേണ്ടിവരും. വാര്‍ഡ് വിഭജനം എന്ന ഭാരിച്ച ജോലി മുന്നില്‍ നില്‍ക്കുമ്പോള്‍ വോട്ടര്‍ പട്ടിക പുതുക്കുന്ന ജോലി കൂടി ഏറ്റെടുക്കുന്നത് അമിതഭാരം സൃഷ്ടിക്കും. ഫെബ്രുവരിയില്‍ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. പട്ടികയില്‍ ഇല്ലാത്തവര്‍ക്ക് പേര് ചേര്‍ക്കാന്‍ അവസരം നല്‍കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.
നേരത്തെ, 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പട്ടിക ഉപയോഗിച്ച് തദ്ദേശ തെരഞ്ഞെടുപ്പ് നടത്തണമെന്ന് എല്‍ഡിഎഫും യുഡിഎഫും തെരഞ്ഞെടുപ്പ് കമ്മീഷണറോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലും 2016 നിയസഭാ തെരഞ്ഞെടുപ്പിലും ഉപയോഗിച്ച വോട്ടര്‍ പട്ടിക നിയമസഭാ മണ്ഡലങ്ങളെ അടിസ്ഥാനമാക്കിയാണെന്നും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് വേണ്ടത് വാര്‍ഡ് അടിസ്ഥാനത്തിലുള്ള വോട്ടര്‍ പട്ടികയാണെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.
ജനസംഖ്യ അടിസ്ഥാനത്തില്‍ വാര്‍ഡുകള്‍ പുനക്രമീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ എല്‍ഡിഎഫ് പിന്തുണയ്ക്കുകയും യുഡിഎഫ് എതിര്‍ക്കുകയും ചെയ്യുന്നുണ്ട്. വാര്‍ഡുകളെ വിഭജിക്കാനായി സര്‍ക്കാര്‍ ഇതിനോടകം വിജ്ഞാപനം പുറപ്പെടുവിച്ചു കഴിഞ്ഞു. ഗവര്‍ണര്‍ വിജ്ഞാപനം അംഗീകരിച്ച് ഒപ്പിടുന്നതോടെ ഇതിനുള്ള നടപടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആരംഭിക്കും.