നടൻ ദിനേശ് എം മനയ്ക്കലാത്ത് ട്രെയിൻ തട്ടി മരിച്ചു
By സമകാലിക മലയാളം ഡെസ്ക് | Published: 13th January 2020 03:21 PM |
Last Updated: 13th January 2020 03:21 PM | A+A A- |

തൃശൂർ: പ്രമുഖ നാടക-സീരിയൽ നടൻ ദിനേശ് എം മനയ്ക്കലാത്ത് (48) ട്രെയിൻ തട്ടി മരിച്ചു. തൃശൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. കഴിഞ്ഞ രാത്രി തൃശൂരിൽ ഡബിങ് കഴിഞ്ഞ് പോകുമ്പോഴാണ് അപകടമുണ്ടായത്.
സംസ്ഥാന പ്രഫഷണൽ നാടകമത്സരത്തിൽ ഇത്തവണ സഹനടനുള്ള അവാർഡ് ദിനേശിനായിരുന്നു. അമേച്വർ നാടകങ്ങളിലൂടെ രംഗത്തുവന്ന ദിനേശ് പ്രഫഷണൽ നാടകരംഗത്ത് സജീവമായിരുന്നു. സിനിമകളിലും സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റുമായിരുന്നു.
പ്രമുഖ പത്രപ്രവർത്തകൻ ആർഎം മനയ്ക്കലാത്തിന്റെ സഹോദരൻ പരേതനായ അരവിന്ദാക്ഷമേനോന്റെ മകനാണ് മൂവാറ്റുപുഴ കൊടയ്ക്കാടത്ത് വീട്ടിൽ ദിനേശ്. പരേതയായ പത്മാവതിയമ്മയാണ് അമ്മ.
ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കേച്ചേരി തയ്യൂരിലുള്ള സഹോദരന്റെ വീട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം പിന്നീട്.