പൊടിയില്‍ മുങ്ങി മരട് ; പ്രതിഷേധവുമായി നാട്ടുകാര്‍ നഗരസഭയില്‍, ചെയര്‍പേഴ്‌സണെ തടഞ്ഞ് സ്ത്രീകള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th January 2020 11:36 AM  |  

Last Updated: 13th January 2020 11:36 AM  |   A+A-   |  

 

കൊച്ചി : മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ചതിനെ തുടര്‍ന്ന് പൊടി ശല്യം രൂക്ഷമാണെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാര്‍ നഗരസഭയിലെത്തി പ്രതിഷേധിക്കുന്നു. ഹോളിഫെയ്ത്ത് എച്ച്ടുഒ ഫ്ലാറ്റിന് സമീപത്തുള്ളവരാണ് പ്രധാനമായും പ്രതിഷേധവുമായി രംഗത്തെത്തിയത്. പൊളിച്ച് ഫ്ലാറ്റിന് സമീപവും റോഡിലും മാത്രമാണ് ഫയര്‍ഫോഴ്‌സ് വെള്ളം തളിച്ചത്. സമീപ വീടുകളിലും വീട്ടുവളപ്പിലെ മരങ്ങളിലും പൊടി മൂടിയിരിക്കുകയാണ്. ഇതുകാരണം ഭക്ഷണം പാകം ചെയ്യാന്‍ പോലും സാധിക്കുന്നില്ലെന്ന് സ്ത്രീകള്‍ പറയുന്നു.

അടുക്കളയും പാത്രങ്ങളും എല്ലാം പൊടിയില്‍ മുങ്ങിയിരിക്കുകയാണ്. ടാങ്കുകളില്‍ വെള്ളം നിറച്ചശേഷമാണ് വീടുകളില്‍ നിന്നും ഒഴിഞ്ഞുമാറിയത്. എന്നാല്‍ കോണ്‍ക്രീറ്റ് ചീളുകള്‍ തെറിച്ച് ടാങ്കുകള്‍ പൊട്ടിപ്പോകുകയും വെള്ളം മുഴുവന്‍ ഒഴുകിപ്പോയതായും സ്ത്രീകള്‍ പറയുന്നു. വീടിന്റെ തറയെല്ലാം പൊടിമൂടിയിരിക്കുകയാണ്. ഇത് വൃത്തിയാക്കാന്‍ വെള്ളവുമില്ലാത്ത അവസ്ഥയാണെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.

സമീപത്തെ വീടുകളിലെല്ലാം വെള്ളം തളിച്ച് പൊടി ശമിപ്പിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു.എന്നാല്‍ ആരും വീടുകളുടെ അടുത്തേക്ക് എത്തുകപോലും ചെയ്തില്ല. റോഡില്‍ വെള്ളം തളിക്കുക മാത്രമാണ് ചെയ്തതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പ്രദേശത്തെ പൊടി ശമിപ്പിക്കാന്‍ നടപടി സ്വീകരിക്കേണ്ടത് സ്‌ഫോടനം നടത്താന്‍ നിയോഗിക്കപ്പെട്ടവരുടെ ഉത്തരവാദിത്തമാണ്. ഇവര്‍ക്ക് എന്തെങ്കിലും വീഴ്ച വന്നിട്ടുണ്ടെങ്കില്‍ നാട്ടുകാരുടെ ദുരിതം പരിഹരിക്കാന്‍ നഗരസഭ നടപടി എടുക്കുമെന്ന് മരട് നഗസരഭ ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. ഇതിന് ആവശ്യമായ നടപടികള്‍ ഉടന്‍ കൈക്കൊള്ളുമെന്നും ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കി.