ബിസിനസ് തുടങ്ങാന്‍ മാല പൊട്ടിക്കല്‍ തൊഴിലാക്കി, 'ഓപ്പറേഷന്‍ 916' ല്‍ കുടുങ്ങി, പ്രതികള്‍ക്ക് സ്വന്തമായി ബേക്കറിയും ഐസ്‌ക്രീം പാര്‍ലറും, അമ്പരന്ന് പൊലീസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th January 2020 11:45 AM  |  

Last Updated: 13th January 2020 11:45 AM  |   A+A-   |  

 

ആലപ്പുഴ : കൊല്ലം, ആലപ്പുഴ ജില്ലകളിലായി മുപ്പതിലധികം മാലപൊട്ടിക്കല്‍ കേസുകളിലെ പ്രതികള്‍ ഒടുവില്‍ പിടിയിലായി. ആലപ്പുഴ വണ്ടാനം സ്വദേശി ഫിറോസ്, കരുനാഗപ്പള്ളി സ്വദേശി ഷിഹാദ് എന്നിവരാണ് അറസ്റ്റിലായത്. ഓപ്പറേഷന്‍ 916 എന്ന പേരില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് കരുനാഗപ്പള്ളിയില്‍ വെച്ച് പ്രതികള്‍ കുടുങ്ങിയത്.

ആലപ്പുഴ സൗത്ത്, നോര്‍ത്ത്, പുന്നപ്ര, മണ്ണഞ്ചേരി, മാരാരിക്കുളം, മുഹമ്മ, ചേര്‍ത്തല, കരുനാഗപ്പള്ളി സ്‌റ്റേഷനുകളിലായി പ്രതികള്‍ക്കുനേരെ മുപ്പതിലധികം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അയല്‍ ജില്ലകളിലെ കവര്‍ച്ചാകേസുകളില്‍ ഇവര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതിന്റെ വിവരങ്ങളും ശേഖരിക്കുകയാണ്. പ്രതികള്‍ സമ്മതിച്ച കേസുകളിലെ സ്വര്‍ണം കണ്ടെത്താനും പൊലീസ് ശ്രമം ആരംഭിച്ചു. പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യും.

ബൈക്കുകളില്‍ കറങ്ങി നടന്ന് വഴിയാത്രക്കാരായ സ്ത്രീകളുടെ മാല കവരുകയാണ് പ്രതികളുടെ രീതി. സ്വന്തം ബൈക്കുകളില്‍ നമ്പര്‍ പ്ലേറ്റ് പോലും മാറ്റാതെയായിരുന്നു പ്രതികളുടെ 'ഓപ്പറേഷന്‍'. പിടികൂടാന്‍ കഴിയാത്തവിധം ഇടവഴികളായിരുന്നു പ്രതികള്‍ തിരഞ്ഞെടുത്തിരുന്നത്. വെള്ളി, ശനി ദിവസങ്ങളിലായിരുന്നു പ്രധാനമായും മാലമോഷണം. സ്വര്‍ണവില കുതിച്ചുയര്‍ന്നതിന് പിന്നാലെ മാലപൊട്ടിക്കലും വ്യാപകമായതോടെ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ 916 എന്ന പേരില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയായിരുന്നു.

അന്വേഷണം ഫിറിസിലേക്കും ഷിഹാദിലേക്കും നീണ്ടെങ്കിലും, ഇവരെ സംശയിക്കുന്ന മറ്റു തെളിവുകളൊന്നും ആദ്യം ലഭിച്ചില്ല. 2016 വരെ വിദേശത്തു ജോലിചെയ്തിരുന്ന ഇരുവരും നാട്ടിലെത്തി സ്വന്തമായി ബിസിനസ് തുടങ്ങാന്‍ ആലോചിക്കുന്ന സമയത്താണ് പണത്തിനായി മാലപൊട്ടിക്കാമെന്ന ആശയം ഉരുത്തിരിഞ്ഞത്. രണ്ടുപേരും ചേര്‍ന്ന് നടത്തിയ ആദ്യ ഓപ്പറേഷന്‍ വിജയിച്ചതോടെ, മൂന്ന് വര്‍ഷത്തോളമായി ഇവര്‍ ഇത് സ്ഥിരം തൊഴിലാക്കി മാറ്റി.

കവര്‍ച്ചയില്‍ നിന്ന് ലഭിക്കുന്ന പണം ഉപയോഗിച്ച് പ്രതികള്‍ പുന്നപ്രയില്‍ ബേക്കറിയും ഐസ്‌ക്രീം പാര്‍ലറും കരുനാഗപ്പള്ളിയില്‍ ജെന്റ്‌സ് ഷോപ്പും തുടങ്ങി. എന്നാല്‍ പണത്തെച്ചൊല്ലി ഇരുവരും പിന്നീട് വഴക്കിട്ടു പിരിഞ്ഞു. ഇതോടെയാണ് സ്വന്തം നിലയ്ക്ക് രണ്ടുപേരും കവര്‍ച്ച തുടര്‍ന്നത്. കവര്‍ച്ച ചെയ്യുന്ന സ്വര്‍ണം അതേ ദിവസം തന്നെ ആലപ്പുഴ, അമ്പലപ്പുഴ എന്നിവിടങ്ങളിലെ സ്വര്‍ണവ്യാപാരികള്‍ക്കു വില്‍ക്കുകയാണ് ഇവരുടെ പതിവെന്നു പൊലീസ് പറഞ്ഞു.