എസ്എസ്ഐയുടെ കൊലപാതകം; കേരള പൊലീസ് പിടികൂടിയ അഞ്ച് പേരെ തമിഴ്നാടിന് കൈമാറി; ചോദ്യം ചെയ്യുന്നു

തെങ്കാശി ഡിവൈഎസ്പി ഗോകുലകൃഷ്ണന്റെ നേതൃത്വത്തിൽ ഇവരെ തമിഴ്നാട്ടിലെത്തിച്ചു ചോദ്യം ചെയ്തു വരുന്നു
എസ്എസ്ഐയുടെ കൊലപാതകം; കേരള പൊലീസ് പിടികൂടിയ അഞ്ച് പേരെ തമിഴ്നാടിന് കൈമാറി; ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: കളിയിക്കാവിള ചെക്പോസ്റ്റിൽ വെടിയേറ്റു മരിച്ച എസ്എസ്ഐ വൈ വിൽസന്റെ കൊലപാതകവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന അഞ്ച് പേരെ കേരള പൊലീസ് പിടികൂടി തമിഴ്നാട് ക്യു ബ്രാഞ്ചിനു കൈമാറി. തെങ്കാശി ഡിവൈഎസ്പി ഗോകുലകൃഷ്ണന്റെ നേതൃത്വത്തിൽ ഇവരെ തമിഴ്നാട്ടിലെത്തിച്ചു ചോദ്യം ചെയ്തു വരുന്നു.  

ഇന്നലെ 3.55ന് ആര്യങ്കാവ് പാലരുവിയിൽ വച്ചാണ് ഇവരെ പിടികൂടിയത്. ഇവർ സഞ്ചരിച്ച കാർ പിന്തുടർന്ന് സ്പെഷൽ ബ്രാഞ്ചും തെന്മല പൊലീസും ചേർന്നു സാഹസികമായി ഇവരെ കുടുക്കുകയായിരുന്നു. പാലരുവിയിൽ കുളി കഴിഞ്ഞു തമിഴ്നാട് ഭാഗത്തേക്കു ദേശീയപാതയിലൂടെ പോകുകയായിരുന്നു സംഘം. തമിഴ്നാട് പൊലീസും ഇവരെ പിന്തുടരുന്നുണ്ടായിരുന്നു. നെയ്യാറ്റിൻകര ടൗൺ മുസ്‌ലിം ജമാഅത്തിനു സമീപത്തു നിന്ന് പത്താംകല്ല് സ്വദേശി ജാഫറിനെയും കേസുമായി ബന്ധപ്പെട്ട് ഇന്നലെ വൈകീട്ടോടെ പൊലീസ് കസ്റ്റഡിയിലെടുത്തു.  

ബുധനാഴ്ച രാത്രി കളിയിക്കാവിള മുസ്‍‌ലിം പള്ളിക്കു സമീപത്തെ ചെക്പോസ്റ്റിൽ ജോലി ചെയ്യവേയാണു വിൽസനെ (57) വെടിവച്ചും വെട്ടിയും കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പാറശാല ഇഞ്ചവിള സ്വദേശികളായ രണ്ട് പേരെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

അതിനിടെ, പാലക്കാട്ടു നിന്നു പിടികൂടി പൊലീസ് ചോദ്യം ചെയ്തു വിട്ടയച്ച ചിലർ ഒളിവിലെന്നു സംശയം. കഴിഞ്ഞ ദിവസം വരെ ജില്ലയിൽ ഉണ്ടായിരുന്ന ഇവരെ ഇന്നലെ മുതൽ കാണാതായി. ഏതു സമയത്തും ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന വ്യവസ്ഥയോടെയായിരുന്നു ഇവരെ വിട്ടയച്ചത്. സംഭവവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന മറ്റു ചിലരും ഒളിവിലാണ്.

ചോദ്യം ചെയ്തു വിട്ടയച്ച പലർക്കെതിരെയും കേരളത്തിൽ കേസില്ലെന്നതിനാൽ സംസ്ഥാന പൊലീസിനു മറ്റൊന്നും ചെയ്യാനില്ല. തമിഴ്നാട് പൊലീസ് നൽകുന്ന സൂചനകൾക്കനുസരിച്ചാണു കേരളത്തിന്റെ നടപടികൾ. കൊലപാതകവുമായി ബന്ധപ്പെട്ടു വിശദാംശങ്ങൾ ലഭ്യമാകാത്തതു ചോദ്യം ചെയ്യലിനെ ബാധിച്ചതായും വിലയിരുത്തലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com