പൊളിക്കാന്‍ ഉത്തരവിട്ടത് വേദനയോടെ, എങ്കിലും ചെയ്യേണ്ടി വന്നു; മരട് കേസില്‍ ജസ്റ്റിസ് അരുണ്‍ മിശ്ര

ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുനീക്കിയെന്നു സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചെങ്കിലും കോടതി ഉത്തരവൊന്നും പുറപ്പെടുവിച്ചില്ല
പൊളിക്കാന്‍ ഉത്തരവിട്ടത് വേദനയോടെ, എങ്കിലും ചെയ്യേണ്ടി വന്നു; മരട് കേസില്‍ ജസ്റ്റിസ് അരുണ്‍ മിശ്ര

ന്യൂഡല്‍ഹി: മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ചു നിര്‍മിച്ചതെന്നു കണ്ടെത്തിയ ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ ഉത്തരവിട്ടത് വേദനയോടെയായിരുന്നെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര. നിയമവിരുദ്ധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കാന്‍ ചെയ്യേണ്ടി വന്നതാണ് അതെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. 

സുപ്രീം കോടതി ഉത്തരവിട്ടത് അനുസരിച്ച് മരടിലെ നാലു ഫ്‌ലാറ്റ് സമുച്ചയങ്ങളും പൊളിച്ചുനീക്കിയതായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. അഭിഭാഷകന്‍ ഇക്കാര്യം അറിയിച്ചപ്പോഴായിരുന്നു പൊളിക്കാന്‍ ഉത്തരവിട്ട ബെഞ്ചിനു നേതൃത്വം നല്‍കിയ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ പ്രതികരണം. ''അതൊരു വേദനാജനകമായ ചുമതലയായിരുന്നു'' - അദ്ദേഹം പറഞ്ഞു.

ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുനീക്കിയെന്നു സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചെങ്കിലും കോടതി ഉത്തരവൊന്നും പുറപ്പെടുവിച്ചില്ല. സ്ഥലത്തുനിന്നു അവശിഷ്ടങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്ത ശേഷം തുടര്‍നടപടിയെടുക്കാമെന്ന് കോടതി പറഞ്ഞു. 

ഫ്‌ലാറ്റ് പൊളിച്ചതിന്റെ അവശിഷ്ടങ്ങള്‍ എത്രയും വേഗം നീക്കം ചെയ്യണമന്ന് കോടതി നിര്‍ദേശിച്ചു. കായലില്‍ വീണത് ഉള്‍പ്പെടെയുള്ള അവശിഷ്ടങ്ങള്‍ നീക്കം ചെയ്യണം. 

നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് പരാതികളുള്ള ഫ്‌ലാറ്റ് ഉടമകള്‍ അപേക്ഷ നല്‍കണമെന്ന് ബെഞ്ച് പറഞ്ഞു. നഷ്ടപരിഹാര കേസുകളില്‍ കോടതി ഫീസ് ഇളവു ചെയ്തുനല്‍കുന്ന കാര്യം പരിഗണിക്കുമെന്നും ബെഞ്ച് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com