ഫ്ലാറ്റുകൾ പൊളിച്ച സ്ഥലത്ത് കണ്ടൽപാർക്ക് ? ; ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ച വിവരം സർക്കാർ ഇന്ന് സുപ്രീംകോടതിയെ അറിയിക്കും

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് നിയന്ത്രിത സ്ഫോടനത്തിലൂടെ നാല് ഫ്ലാറ്റ് സമുച്ചയങ്ങൾ സർക്കാർ പൊളിച്ചുനീക്കിയത്
ഫ്ലാറ്റുകൾ പൊളിച്ച സ്ഥലത്ത് കണ്ടൽപാർക്ക് ? ; ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ച വിവരം സർക്കാർ ഇന്ന് സുപ്രീംകോടതിയെ അറിയിക്കും

ന്യൂഡൽഹി : തീരദേശപരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച മരടിലെ ഫ്ലാറ്റുകൾ പൊളിച്ചുനീക്കിയ കാര്യം സർക്കാർ ഇന്ന് സുപ്രീംകോടതിയെ അറിയിക്കും. ഈ സ്ഥലത്ത് എന്തു ചെയ്യണം എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ കോടതി നിർദേശപ്രകാരമായിരിക്കും തീരുമാനിക്കുക. കെട്ടിടാവശിഷ്ടങ്ങൾ നീക്കുന്നത് അടക്കം ഇനിയുള്ള പദ്ധതികളും അറിയിക്കും.

കോടതി ആവശ്യപ്പെട്ടാൽ വീഡിയോ ദൃശ്യങ്ങൾ അടങ്ങിയ വിശദമായ സത്യവാങ്മൂലം പിന്നീട് സമർപ്പിക്കും. ഫ്ലാറ്റുടമകൾക്ക് നൽകാനുള്ള നഷ്ടപരിഹാരത്തിന്റെ പട്ടികയും സർക്കാർ കോടതിയിൽ സമർപ്പിക്കും. ചീഫ് സെക്രട്ടറി ടോം ജോസ്, പരിസ്ഥിതി വകുപ്പ് മേധാവി ഉഷ ടൈറ്റസ്, തദ്ദേശ വകുപ്പ് സെക്രട്ടറി ടി കെ ജോസ് എന്നിവർ അടങ്ങുന്ന സമിതിയാണ് തുടർനടപടികൾക്ക് നേതൃത്വം നൽകുക.

ഫ്ലാറ്റുകൾ പൊളിച്ച സ്ഥലത്ത് കണ്ടൽ പാർക്കുകൾ സ്ഥാപിക്കണമെന്നാണ് മദ്രാസ് ഐഐടി നിർദേശിച്ചത്. ഐഐടിയുടെ ഈ നിർദേശവും സർക്കാർ പരി​ഗണനയിലുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് നിയന്ത്രിത സ്ഫോടനത്തിലൂടെ നാല് ഫ്ലാറ്റ് സമുച്ചയങ്ങൾ സർക്കാർ പൊളിച്ചുനീക്കിയത്. മരടിൽ തീരദേശപരിപാലനനിയമം ലംഘിച്ച് നിർമിച്ച നാല് ഫ്ലാറ്റ് സമുച്ചയങ്ങൾ, ഹോളിഫെയ്ത്ത് എച്ച്ടുഒ, ആൽഫാ സെറീൻ ഇരട്ട ഫ്ലാറ്റ് സമുച്ചയങ്ങൾ, ജെയ്ൻ കോറൽ കോവ്, ഗോൾഡൻ കായലോരം - എന്നിവ പൊളിച്ചുനീക്കണമെന്ന് 2019 മെയ് 8-നാണ് സുപ്രീംകോടതി ഉത്തരവിട്ടത്.

ഫ്ലാറ്റ് പൊളിച്ചതും അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള നടപടികളും ഈയാഴ്ചത്തെ മന്ത്രിസഭായോ​ഗം പരി​ഗണിക്കും. ചീഫ് സെക്രട്ടറി വിശദമായ റിപ്പോർട്ട് അവതരിപ്പിക്കും. സമീപ വീടുകളുടെ സുരക്ഷിതത്വം, കായലിലുണ്ടായ മലിനീകരണം എന്നിവ സംബന്ധിച്ച് വിശദമായ പരിശോധന നടത്തണമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com