മകരവിളക്ക് : ബുധനാഴ്ച പമ്പയിലേക്ക് വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ; ചെറുവാഹനങ്ങള്‍ കടത്തിവിടില്ല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th January 2020 08:10 AM  |  

Last Updated: 13th January 2020 08:10 AM  |   A+A-   |  

 

ശബരിമല : മകരവിളക്ക് പ്രമാണിച്ച് ഈ മാസം 15ന് ( ബുധനാഴ്ച) പമ്പയിലേക്കുള്ള വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. 15 ന് രാവിലെ മുതല്‍ പമ്പ-നിലയ്ക്കല്‍ റൂട്ടില്‍ ചെറുവാഹനങ്ങള്‍ പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. നിലയ്ക്കലില്‍ മതിയായ പാര്‍ക്കിങ് സൗകര്യം ഇല്ലാത്തതിനാല്‍ 15ന് രാവിലെ 11ന് ശേഷം എരുമേലി, കണമല, നാറാണംതോട്, പ്ലാപ്പള്ളി, ളാഹ, വടശേരിക്കര,ആങ്ങമൂഴി എന്നിവിടങ്ങളില്‍ നിന്ന് നിലയ്ക്കലിലേക്കു വാഹനങ്ങള്‍ കടത്തിവിടില്ല.

അന്ന് രാവിലെ മുതല്‍ ശബരിമല പാതയില്‍ പമ്പയ്ക്കും പ്ലാപ്പള്ളിക്കും മധ്യേ കെഎസ്ആര്‍ടിസി മാത്രമാവും സര്‍വീസ് നടത്തുക. എരുമേലി ഭാഗത്തു നിന്നുള്ള വാഹനങ്ങള്‍ കണമല, നാറാണംതോട് എന്നിവിടങ്ങളില്‍ പിടിച്ചിടും. മകരജ്യോതി കാണാന്‍ അട്ടത്തോട് ഭാഗത്ത് റോഡില്‍ തീര്‍ഥാടകര്‍ ഇരിക്കുന്നതിനാല്‍ ഉച്ച കഴിഞ്ഞ് മൂന്നുമുതല്‍ 6.30 വരെ പമ്പ-നിലയ്ക്കല്‍ ചെയിന്‍ സര്‍വീസ് നിര്‍ത്തിവയ്ക്കും.

ജ്യോതി ദര്‍ശനത്തിനു ശേഷം രാത്രി 12 വരെ പമ്പ-നിലയ്ക്കല്‍ റൂട്ടില്‍ കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസും ദീര്‍ഘദൂര ബസുകളും മാത്രമാവും അനുവദിക്കുക. പമ്പയില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന സര്‍ക്കാര്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ അതിനു ശേഷം കടത്തി വിടും. ളാഹ, പ്ലാപ്പള്ളി, ഇലവുങ്കല്‍, കണമല, എരുമേലി, ആങ്ങമൂഴി തുടങ്ങിയ സ്ഥലങ്ങളില്‍ പിടിച്ചിട്ടിട്ടുള്ള അയ്യപ്പ വാഹനങ്ങള്‍ 16ന് രാവിലെ നിലയ്ക്കലിലേക്കു പോകാം.