ശബരിമല യുവതീ പ്രവേശം; ഒൻപതം​ഗ വിശാല ബെഞ്ച് ഇന്ന് മുതൽ വാദം കേൾക്കും

By സമകാലിക മലയാളം ഡെസ്‌  |   Published: 13th January 2020 06:53 AM  |  

Last Updated: 13th January 2020 06:53 AM  |   A+A-   |  

court-sabarimala

 

ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട ഹർജികളിലെ വാദം സുപ്രീം കോടതിയിൽ ഇന്ന് മുതൽ ആരംഭിക്കും. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ നേതൃത്വം നൽകുന്ന ഒൻപതംഗ വിശാല ഭരണഘടനാ ബെഞ്ചാണു വാദം കേൾക്കുക. കഴിഞ്ഞ നവംബറിൽ സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് ഉന്നയിച്ച പൊതുവായ നിയമ പ്രശ്നങ്ങളാണ് വിശാല ബെഞ്ച് പരി​ഗണിക്കുക.

മത സ്വാതന്ത്ര്യം സംബന്ധിച്ച ഭരണഘടനാ വകുപ്പുകളിലെ വ്യവസ്ഥകൾ, ഭരണഘടനയിലെ ക്രമസമാധാനം, ധാർമികത തുടങ്ങിയ പ്രയോഗങ്ങളിൽ വ്യക്തത, ഹൈന്ദവ വിഭാഗങ്ങൾ എന്ന പ്രയോഗത്തിന്റെ അർഥം, ഏതെങ്കിലും മതത്തിന്റെയോ വിഭാഗത്തിന്റെയോ ഒഴിച്ചുകൂടാനാവാത്ത മതാചാരങ്ങൾക്കു ഭരണഘടനാ സംരക്ഷണം നൽകിയിട്ടുണ്ടോ തുടങ്ങിയവയാണു പ്രധാനമായും ഒൻപതംഗ ബെഞ്ച് പരിഗണിക്കുക.

അതേസമയം ശബരിമലയില്‍ സ്വമേധയാ പുതിയ സത്യവാങ്മൂലം നല്‍കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. 2016 ല്‍ സമര്‍പ്പിച്ച സത്യവാങ്മൂലം നിലനില്‍ക്കുന്നു. ദേവസ്വം ബോര്‍ഡിനോട് ഇതുവരെ നിലപാട് ചോദിച്ചിട്ടില്ല. നിലപാട് ചോദിച്ചാല്‍ വീണ്ടും യോഗം ചേര്‍ന്ന് തീരുമാനമെടുക്കും. അതിന്റെ അടിസ്ഥാനത്തിലായിരിക്കും സത്യവാങ്മൂലം സമര്‍പ്പിക്കുകയെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു വ്യക്തമാക്കിയിരുന്നു.

ഭക്തരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കണമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാട്. വിശ്വാസികളുടെ താത്പര്യത്തിനാണ് ബോര്‍ഡ് എപ്പോഴും മുന്‍ഗണന നല്‍കുന്നത്. പുനഃപരിശോധന ഹര്‍ജികളില്‍ ദേവസ്വം ബോര്‍ഡിനോട് സുപ്രീം കോടതി ഇതുവരെ അഭിപ്രായം ചോദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.