കളിയിക്കാവിള കൊലപാതകം : മുഖ്യപ്രതികള്‍ ഉഡുപ്പിയില്‍ പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th January 2020 01:49 PM  |  

Last Updated: 14th January 2020 01:49 PM  |   A+A-   |  

asi


 

തിരുവനന്തപുരം : കളിയിക്കാവിളയില്‍ എഐഎസ്‌ഐ വില്‍സണെ വെടിവെച്ചുകൊന്ന കേസിലെ മുഖ്യപ്രതികള്‍ പിടിയിലായതായി സൂചന. മുഖ്യപ്രതികളായ അബ്ദുള്‍ ഷമീറിനെയും തൗഫീക്കിനെയും കര്‍ണാടകയിലെ ഉഡുപ്പിയില്‍ നിന്ന് പൊലീസ് പിടികൂടിയതായാണ് റിപ്പോര്‍ട്ട്. ഇന്ദ്രാളി റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് കര്‍ണാടക പൊലീസ് പിടികൂടുകയായിരുന്നു.

പ്രതികള്‍ക്ക് വേണ്ടി തമിഴ്‌നാട് ക്യൂ ബ്രാഞ്ചും പ്രത്യേക അന്വേഷണസംഘവും അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. പ്രതികള്‍ക്ക് തോക്ക് കൈമാറിയത് മുംബൈയില്‍ വെച്ചാണെന്ന് നേരത്തെ പിടിയിലായ ഇജാസ് പാഷ പൊലീസിനോട് പറഞ്ഞിരുന്നു. ഇജാസിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു.

പ്രതികള്‍ രാജ്യം വിട്ടുപോകാതിരിക്കാന്‍ വിമാനത്താവളങ്ങളിലും റെയില്‍വേ സ്‌റ്റേഷനുകളിലും പൊലീസ് ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. കൂടാതെ, പ്രതികള്‍ക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. പ്രതികള്‍ ആക്രമണത്തിന് മുന്‍പുള്ള ഏഴ് മണിക്കൂര്‍ ചെലവഴിച്ചത് നെയ്യാറ്റിന്‍കരയിലാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഈ മണിക്കൂറില്‍ ഇവര്‍ എന്ത് ചെയ്തൂവെന്ന് വ്യക്തതയില്ലാത്തതിനാല്‍ നിര്‍ണായകമായ ഈ സമയത്തെ മുഴുവന്‍ ഫോണ്‍ വിളികളും പരിശോധിക്കുന്നു. തീവ്രസംഘടനയുടെ ആസൂത്രിത ആക്രമണമാണ് വെടിവയ്‌പ്പെന്നും പൊലീസ് സ്ഥിരീകരിച്ചു.

നെയ്യാറ്റിന്‍കര ബസ് സ്റ്റാന്റിന് സമീപത്ത് നിന്ന് രാത്രി 8.51 നാണ് പ്രതികള്‍ ഓട്ടോയില്‍ കയറുന്നത്. ഇതേദിവസം ഉച്ചയ്ക്ക് 2.10ന് നെയ്യാറ്റിന്‍കരയിലെ മറ്റൊരിടത്ത് നില്‍ക്കുന്ന ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. പിന്നീടുള്ളത് രാത്രി 8.40ന് റോഡിലൂടെ നടക്കുന്നതാണ്. 2.10നും രാത്രി 8.40നും ഇടയില്‍ ഇവര്‍ എവിടെയായിരുന്നു, ആരെയൊക്കെ കണ്ടു എന്നതിന് തെളിവൊന്നുമില്ല. നിര്‍ണായക ഗൂഡാലോചനകള്‍ ഇതിനിടയില്‍ നടന്നിട്ടുണ്ടാകാമെന്നാണ് വിലയിരുത്തല്‍. അത് കണ്ടെത്താന്‍ ഈ മണിക്കൂറില്‍ പാറശാല, നെയ്യാറ്റിന്‍കര ഭാഗത്തെ ടവറുകളിലൂടെയുള്ള മുഴുവന്‍ ഫോണ്‍വിളികളും പരിശോധിക്കുകയാണ് അന്വേഷണസംഘം.

വില്‍സണെ അല്ലങ്കില്‍  ചെക്‌പോസ്റ്റില്‍ ഡ്യൂട്ടിയിലുള്ള പൊലീസുകാരനെ മാത്രം ലക്ഷ്യമിട്ടാണ് പ്രതികളെത്തിയതെന്നും സ്ഥിരീകരിച്ചു. പെട്ടെന്നുണ്ടായ വെടിവയ്പ്പല്ലെന്നും ആസൂത്രിത ആക്രമണമാണെന്നും ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് ഉറപ്പിക്കുന്നുണ്ട്. വെടിവയ്ക്കാനായി പോകുമ്പോള്‍ ഇവരുടെ കൈവശം മറ്റൊന്നുമില്ല. അതുകൊണ്ട് തന്നെ ചെക്‌പോസ്റ്റിലൂടെ എന്തെങ്കിലും കടത്താനുള്ള ശ്രമത്തിനിടെ പെട്ടന്നുണ്ടായ ആക്രമണം എന്ന സാധ്യത തള്ളി തീവ്രസംഘടനയുടെ ആസൂത്രിത ആക്രമണം എന്നുതന്നെ ഉറപ്പിക്കുകയാണ് അന്വേഷണസംഘം.