കൊച്ചിയില്‍ ആനക്കൊമ്പ് വേട്ട: അഞ്ചുപേര്‍ പിടിയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th January 2020 08:40 PM |
Last Updated: 14th January 2020 08:40 PM | A+A A- |

പ്രതീകാത്മകചിത്രം
കൊച്ചി: ആനക്കൊമ്പ് വില്‍പന നടത്താനെത്തിയ അഞ്ച് പേര്‍ കൊച്ചിയില്‍ പിടിയില്‍. ചൊവ്വാഴ്ച രാവിലെ വനംവകുപ്പിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തൃപ്പൂണിത്തറയിലെ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ചാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇവരെ പിടികൂടിയത്. പിടിച്ചെടുത്ത ആനക്കൊമ്പിനും മറ്റു ഉപകരണങ്ങള്‍ക്കും കൂടി ഏകദേശം 45 ലക്ഷം രൂപയോളം വില വരുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
തൃപ്പൂണിത്തറ സ്വദേശി റോഷന്‍, എറണാകുളം ഏരൂര്‍ സ്വദേശി ഷെബിന്‍ ശശി, ഇരിങ്ങാലക്കുട സ്വദേശി മിഥുന്‍, പറവൂര്‍ സ്വദേശി സനോജ്, ഷെമീര്‍ എന്നിവരെയാണ് വനംവകുപ്പ് കസ്റ്റഡിയിലെടുത്തത്. കോടനാട് ഫോറസ്റ്റ് റേഞ്ചിലെ ഉദ്യോഗസ്ഥരും എറണാകുളം ഫോറസ്റ്റ് ഫ്‌ളൈയിങ് സ്‌ക്വാഡും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്.
ഒരു ആനക്കൊമ്പും കൊമ്പ് കൊണ്ടുണ്ടാക്കിയ മറ്റൊരു ശില്‍പ്പവും ഇവരില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇതിന് പുറമേ രണ്ട് കത്തിയും ശില്‍പം കൊത്തിയുണ്ടാക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണങ്ങളും നോട്ട് എണ്ണുന്ന യന്ത്രവും ഇവരില്‍നിന്ന് വനംവകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്. വന്യ ജീവി സംരക്ഷണ നിയമ പ്രകാരമാണ് പ്രതികള്‍ക്കെതിരേ കേസെടുത്തത്. കൂടുതല്‍ നടപടി ക്രമങ്ങള്‍ക്കായി പ്രതികളെ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് കൈമാറി.